ദില്ലി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ മഹാരാഷ്ട്ര നവ നിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ  മുംബൈ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിനായി എത്തി. പതിനൊന്നു മണിയോടെയാണ് താക്കറെ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത‍് എത്തിച്ചേർന്നത്. അതേസമയം, രാഷ്ട്രീയ പക പോക്കലാണ് ഇഡിയുടെ നടപടിക്ക് പിന്നിലെന്ന് ആരോപിച്ച് നവ നിർമാൺ സേന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എംഎൻഎസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ഉളളവരെ മുംബൈ പൊലീസ് കരുതൽ തടങ്കലിൽ ആക്കി. പ്രവർത്തകർ തടിച്ചുകൂടാനുള്ള സാധ്യത പരിഗണിച്ച് ഇഡി ആസ്ഥാനത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

2005 ൽ മുംബൈ ദാദറിലെ ശിവാജി പാർക്കിൽ തുടങ്ങിയ കോഹീനൂർ ടവറും ധനകാര്യ കൺസോഷ്യമായ ഐഎൽ ആൻഡ് എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് പദ്ധതിയിൽ പങ്കാളിയായിരുന്ന താക്കറെയെ ചോദ്യം ചെയ്യുന്നത്. മുബൈ ദാദറിലെ കോഹിനൂർ സ്ക്വയറിൽ കമ്പനി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. അതേസമയം, താക്കറെയുടെ അടുത്ത അനുയായി സന്ദീപ് ദേശ്പാണ്ഡെയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷിയുടെ മകൻ ഉൻമേഷ് ജോഷിയെ കേസിൽ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അടുത്തിരിക്കേ സഖ്യചർച്ചകൾ പുരോഗമിക്കവേയാണ് പ്രതിപക്ഷ നേതൃനിരയിലുള്ള രാജ് താക്കറെയുടെമേൽ  എൻഫോഴ്മെന്റ് പിടിമുറുക്കുന്നത്.