Asianet News MalayalamAsianet News Malayalam

സോണിയ ഗാന്ധി രാവിലെ ഇഡിക്ക് മുന്നിലെത്തും; രാജ്യമാകെ വൻ പ്രതിഷേധത്തിന് കോൺഗ്രസ്, പ്രതിപക്ഷം കൈകോർക്കും

ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു

enforcement directorate will questioning sonia gandhi today, congress plans protest
Author
New Delhi, First Published Jul 21, 2022, 12:57 AM IST

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.ഇരുനൂറ്റി അന്‍പതോളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.

വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം സോണിയ ഗാന്ധി തള്ളി, നേരിട്ട് ഹാജരാകും

അതേസമയം രാജ്യമാകെ വിഷയം മുൻ നി‍ർത്തി വൻ പ്രതിഷേധത്തിനും കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ട്. മറ്റന്നാൾ രാജ്യത്തം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ നീക്കം മാത്രമല്ലിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൂണ്ടികാട്ടിയിരുന്നു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിന് എതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യമൊട്ടാകെ പ്രതിഷേധിച്ച് നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും. പാർലമെന്റിലെ പ്രതിഷേധത്തിന് സി പി ഐ എം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ  കേരളത്തിലെ സി പി എം നിലപാട് വ്യത്യസ്ഥമാണെന്നും വേണുഗോപാൽ പറഞ്ഞു.

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ: രാജ്യമെമ്പാടും ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ് തീരുമാനം

അഞ്ച് ദിവസം അൻപതിലേറെ മണിക്കൂർ ഇഡിക്ക് മുന്നിലിരുന്ന രാഹുൽ ഗാന്ധി

അതേ സമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇ ഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.

കേരളത്തിലും പ്രതിഷേധം ഇരമ്പും

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ വിഷയം മുൻനിർത്തി കേരള ഘടകവും പ്രതിഷേധവുമായി രംഗത്തെത്തു. രാവിലെ പത്തര മുതൽ മ്യൂസിയം ജംഗ്ക്ഷന് മുന്നിൽ നിന്നും രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കാനാണ് കെ പി സി സി തീരുമാനം. രാജ്ഭവൻ ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ എത്തും.

Follow Us:
Download App:
  • android
  • ios