ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നാണ് പരിഹാസം. ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്  മഹാത്മാഗാന്ധിയുടെ ആശങ്ങളിലൂന്നിയല്ല. ഇന്നത്തെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മാത്രമാണ്. ബുധനാഴ്ച  സുരേന്ദ്രനഗറിന് സമാപമുള്ള ലിമ്ഡിയിലെ  നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു പരിഹാസം. തെരഞ്ഞെടുപ്പില്‍ ബിജെപി അസാന്മാര്‍ഗ്ഗിക രീതികള്‍ സ്വീകരിക്കുന്നുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം വിജയ് രൂപാണി തള്ളിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 

കോണ്‍ഗ്രസ് എംഎല്‍എയെ ഇരുപത്തിയഞ്ച് കോടി രൂപ നല്‍കിയാണ് ബിജെപിയില്‍ ചേര്‍ത്തതെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു വിജയ് രൂപാണി. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുകഴിഞ്ഞാല്‍ അവരുടെ എംഎല്‍എമാരെക്കുറിച്ച് കോണ്‍ഗ്രസിന് ആദരം ഇല്ല. അതിനാലാണ് ഇത്തരം ആരോപണങ്ങളുമായി എത്തുന്നത്. ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനും ഇരുപത്തിയഞ്ച് കോടി രൂപയ്ക്ക് വാങ്ങാന്‍ കഴിയുമെന്നാണ് വിജയ് രൂപാണിയുടെ മറുപടി. 

കോണ്‍ഗ്രസ് സഖ്യത്തോടെയുള്ള മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ദൈവകൃപയിലാണ് കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നത്, ഗുജറാത്തിലേപ്പൊലെയല്ലെന്നു വിജയ് രൂപാണി പറഞ്ഞു. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലാത്ത സാഹചര്യമാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപ്പാതകളില്‍ അലക്ഷ്യമായി കിടക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.