പൗരത്വത്തിൻറെയോ, മതത്തിൻറെയോ പേരിൽ സ്വന്തം നാട്ടിൽ ഭീഷണി നേരിടുന്ന തിരികെ പോവാൻ സാധിക്കാത്തവരെ അഭയാർത്ഥികളായി പരിഗണിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നയം. താലിബാൻറെ അക്രമങ്ങൾ പകൽ പോലെ വ്യക്തമായിട്ടും ഇവരെ അഭയാർത്ഥികളായി അംഗീകരിക്കാൻ മടിയെന്തെന്ന് വ്യക്തമല്ല

ദില്ലി: സുരക്ഷിതമായ ഇടം തേടിയെത്തിയപ്പോഴും അരക്ഷിതാവസ്ഥയ്ക്ക് മാറ്റമില്ലാതെ ഇന്ത്യയിലെ (India) അഭയാർത്ഥി സമൂഹം (Refugees). അഭയാർത്ഥികളുടെ അവകാശം സംരക്ഷിക്കാൻ നിയമമില്ലാത്തതിനൊപ്പം, ഇന്ത്യയിലെ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരുടെ അലംഭാവവും കൂടിയാകുമ്പോൾ ഇവരുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. 

അഫ്ഗാനിസ്ഥാന്റെ (Afghanistan) മണമാണ് ദില്ലിയിലെ ലാജ്പത് നഗറിന്. അഫ്ഗാനി വിഭവങ്ങൾ ഉണ്ടാക്കുന്നവരും വാങ്ങാനെത്തുന്നവരും കച്ചവടക്കാരുമെല്ലാം കൂടുമ്പോൾ ദില്ലിയിലെ മിനി കാബൂളായി ഇവിടം മാറും. 

"അവിടെ ആകെ പ്രശ്നമാണ്.അവിടെ താലിബാൻ ജീവിക്കാൻ അനുവദിക്കില്ല. അത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്."

"ഞാൻ ഹസാര വിഭാഗത്തിലുള്ള ആളാണ്. അവിടെ നിന്നാൽ താലിബാൻ എന്നെ തീർത്ത് കളയും. അത് കൊണ്ട് ഓടി രക്ഷപ്പെട്ടതാണ്".

അക്രമങ്ങളും പീഡനങ്ങളും സഹിച്ച് മടുത്തവരാണ് ഇവരൊക്കെയും. സ്വസ്ഥത തേടി ഇന്ത്യയിലെത്തിയവർ. ജീവിതം തുടങ്ങാൻ അഭയാർത്ഥി കാർഡിന് അപേക്ഷിച്ചുള്ള കാത്തിരിപ്പ് വർഷങ്ങൾ നീണ്ടു. 14 മണിക്കൂർ ഈ ജോലി ചെയ്തെങ്കിലേ ജീവിക്കാനുള്ളത് കിട്ടൂ. മറ്റൊരു ജോലി നോക്കാനോ, മക്കളെ സ്കൂളിലയക്കാനോ, താമസിക്കാൻ സ്ഥലം കണ്ടെത്താനോ, എന്തിന് ചികിത്സയ്ക്ക് പോലും അഭയാർത്ഥി കാർഡ് ഇല്ലാതെ പറ്റില്ല. രേഖകളില്ലാത്ത അരക്ഷിതമായ ജീവിതം മടുത്തുവെന്ന് ഇവർ നിരാശരായി പറയുന്നു.

"കുട്ടികളെ സ്കൂളിലയക്കാൻ രേഖകൾ വേണം. എൻറെ കയ്യിൽ രേഖയൊന്നുമില്ല'

അപേക്ഷയുമായി ചെന്നപ്പോഴൊക്കെ യുഎൻഎച്ച്സിആർ മടക്കി അയച്ചു. ചിലരോട് കാർഡ് നൽകാനാവില്ലെന്ന് തീർത്ത് പറഞ്ഞു. അയോഗ്യരാണെന്ന് പറയുമ്പോഴും അതിൻറെ കാരണം പോലും വ്യക്തമാക്കാറില്ല. പൗരത്വത്തിൻറെയോ, മതത്തിൻറെയോ പേരിൽ സ്വന്തം നാട്ടിൽ ഭീഷണി നേരിടുന്ന തിരികെ പോവാൻ സാധിക്കാത്തവരെ അഭയാർത്ഥികളായി പരിഗണിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നയം. താലിബാൻറെ അക്രമങ്ങൾ പകൽ പോലെ വ്യക്തമായിട്ടും ഇവരെ അഭയാർത്ഥികളായി അംഗീകരിക്കാൻ മടിയെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിനായി യുഎൻഎച്ച്സിആറിനെ സമീപിച്ചെങ്കികിലും മറുപടി ലഭിച്ചില്ല.

YouTube video player