രക്ഷിതാക്കള്‍ ജനിച്ചത് എവിടെയാണെന്ന് ചോദിച്ചാല്‍ അറിയാത്ത നിരവധിയാളുകള്‍ ഉണ്ട്. തന്‍റെ അമ്മ എവിടെയാണ് ജനിച്ചതെന്ന് ചോദിച്ചാല്‍ തനിക്കും ഉത്തരമില്ല. സര്‍ക്കാര്‍ രേഖകളിലുള്ള ആധാര്‍ വിവരങ്ങള്‍ എന്‍പിആറില്‍ ചോദിക്കുന്നതിന്‍റെ ആവശ്യമെന്താണെന്നും നിതീഷ് കുമാര്‍

പട്ന: എന്‍പിആര്‍ വിവര ശേഖരണത്തിനായുളള ചില ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പിതാവിനേയും മാതാവിനേയും കുറിച്ചുള്ള ചോദ്യം അനാവശ്യമാണ്. ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക പടരാന്‍ ഈ ചോദ്യങ്ങള്‍ കാരണമായിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ നിര്‍ബന്ധമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ അനാവശ്യമാണെന്നാണ് തനിക്ക് പറയാനുള്ളതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. 

പട്നയില്‍ ജെഡിയു പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. രക്ഷിതാക്കള്‍ ജനിച്ചത് എവിടെയാണെന്ന് ചോദിച്ചാല്‍ അറിയാത്ത നിരവധിയാളുകള്‍ ഉണ്ട്. തന്‍റെ അമ്മ എവിടെയാണ് ജനിച്ചതെന്ന് ചോദിച്ചാല്‍ തനിക്കും ഉത്തരമില്ല. സര്‍ക്കാര്‍ രേഖകളിലുള്ള ആധാര്‍ വിവരങ്ങള്‍ എന്‍പിആറില്‍ ചോദിക്കുന്നതിന്‍റെ ആവശ്യമെന്താണെന്നും നിതീഷ് കുമാര്‍ ചോദിച്ചു. ആളുകള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഈ ചോദ്യങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് നിതീഷ് കുമാര്‍ വിശദമാക്കി. 

2011- ലും എന്‍പിആര്‍ ഉണ്ടായിട്ടുണ്ട്. 2015- ല്‍ എന്‍പിആര്‍ അവലോകനം ചെയ്തിട്ടുമുണ്ട്. അത് 2020- ലും നടക്കും. പക്ഷെ പുതിയ ചില ചോദ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അതുകൊണ്ട് 2011- ലെ മാതൃക തന്നെ പിന്തുടരുന്നതാണ് നല്ലതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും വിധി വരുന്നതുവരെ ജനങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ രാജ്യത്ത് ഒരു സംഘര്‍ഷാവസ്ഥയുണ്ട്. അത് ഉടനെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതിയുടെ പരിഗണയിലുള്ള വിഷയത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നതിനോട് യോജിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.