സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദത്തിൽ സിപിഎം ഉന്നയിച്ച വിമർശനം ശരിയാണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് മുഹമ്മദ് റിയാസ്. വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: സത്യപ്രതിജ്ഞയിലെ വന്ദേമാതരം വിവാദത്തിൽ സിപിഎം മുന്നോട്ട് വെച്ച വിമർശനം ശരിയെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസ്. വിമർശനത്തിന്‍റെ പേരിൽ കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്‍റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ചൂണ്ടിക്കാട്ടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ സിപിഎം ഉയർത്തിയ നിലപാട് ശരി വച്ചിരിക്കുകയാണ്. യഥാർത്ഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നു. സിപിഎം ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

ക്രിയാത്മക പ്രതിപക്ഷ ധർമ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിർവ്വഹിക്കപ്പെട്ടിരിക്കുകയാണ്. വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സർക്കാർ എന്ന നിലയിൽ അതിപ്പോൾ ഉന്നയിക്കുന്നില്ല. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല സിപിഎം എന്നും റിയാസ് പറഞ്ഞു. വന്ദേമാതരം മുഴുവൻ പാടിയത് ലോക്ഭവൻ നിർദേശ പ്രകാരമാണ് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍റെ വിശദീകരണം. വന്ദേമാതരം മുഴുവൻ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവൻ ആണ്. വേദിയിൽ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.