ജന്തർ മന്തർ 2.0 പ്രതിഷേധത്തിനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്തിൽ കയറി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയായിരുന്നു പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്താവളത്തിൽ വിമാനത്തിനകത്ത് കയറി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ സംസാരിക്കുന്ന വീഡിയോ സിജെപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. "ഇന്ദിരാ ഗാന്ധി പോലും ഇതുപോലെ ചെയ്തിട്ടില്ല" എന്നും "അറസ്റ്റ് വരിക്കാൻ തന്നെയാണ് താൻ വന്നത്" എന്നും ദീപ്കെ വീഡിയോയിൽ പറയുന്നുണ്ട്.

തങ്ങളുടെ നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ശക്തമായി അപലപിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് നേതാക്കൾ എത്തുന്നത് തടയാനായി മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ നടപടിയാണിതെന്നും, ഇത് സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സിജെപി ആരോപിച്ചു. കസ്റ്റഡിയിലുള്ള മൂന്ന് നേതാക്കളെയും ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ, പ്രത്യേകം ഫോം 6 ഉപയോഗിച്ചുള്ള രജിസ്ട്രേഷനിൽ വലിയ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനാണ് സിജെപി ജന്തർ മന്തർ മാർച്ചിന് ആഹ്വാനം ചെയ്തത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളം കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ഡൽഹി മെട്രോ, ട്രെയിനുകൾ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

Scroll to load tweet…