15 വര്‍ഷമാണ് വോട്ടിങ് യന്ത്രങ്ങളുടെ കാലാവധി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് നടപ്പാക്കുകയാണെങ്കിൽ പരാമവധി മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ഒരു യന്ത്രം ഉപയോഗിക്കാനാകൂ.
ദില്ലി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' തീരുമാനം നടപ്പാക്കുകയാണെങ്കിൽ ഓരോ 15 വർഷം കൂടുമ്പോഴും വോട്ടിങ് യന്ത്രത്തിന് മാത്രമായി 10000 കോടി ചെലവ് വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഇ.വി.എം. വാങ്ങാന്‍ തിതെരഞ്ഞെടുപ്പ് കമ്മീഷന് ഇത്രയും വലിയ തുക വേണമെന്ന് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിലാണ് കമ്മീഷൻ വ്യക്തമാക്കിയത്.
15 വര്‍ഷമാണ് വോട്ടിങ് യന്ത്രങ്ങളുടെ കാലാവധി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് നടപ്പാക്കുകയാണെങ്കിൽ പരാമവധി മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ഒരു യന്ത്രം ഉപയോഗിക്കാനാകൂ. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തുന്നതെങ്കില്‍ രണ്ടിനും വെവ്വേറെ യന്ത്രം വേണ്ടിവരുമെന്നും കത്തിൽ പറയുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടിങ് യന്ത്രങ്ങൾ കൃത്യസമയം, മാറ്റി സ്ഥാപിക്കുന്നതിനായി കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് തുടങ്ങിയവ റിസര്‍വായി വേണ്ടിവരുമെന്നും കമ്മീഷൻ അറിയിച്ചു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയും കാര്യങ്ങൾ അറിയിച്ചത്.
യന്ത്രങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവുകള്‍ക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍ തുടങ്ങിയവയും ആവശ്യമാകും. പുതിയ വോട്ടിങ് യന്ത്രങ്ങൾ നിർമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029-ല്‍ മാത്രമേ സാധ്യമാകൂവെന്നും കമ്മീഷൻ അറിയിച്ചു. അതിനാൽ, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഏറ്റവും കുറഞ്ഞത് 46,75,100 ബാലറ്റ് യൂണിറ്റുകളും, 33,63,300 കൺട്രോൾ യൂണിറ്റുകളും, 36,62,600 വിവിപാറ്റ് യൂണിറ്റും വേണ്ടി വരുമെന്ന് കമ്മീഷൻ പറഞ്ഞു.
2023-ന്റെ ആദ്യം ബാലറ്റ് യൂണിറ്റ് ഒന്നിന് 7,900 രൂപയും കൺട്രോൾ യൂണിറ്റ് ഒന്നിന് 9,800 രൂപയും വിവിപാറ്റ് യൂണിറ്റിന് 16,000 രൂപയും ആയിരുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനയിലെ അഞ്ച് അനുച്ഛേദങ്ങൾ ഭേദഗതികൾ വേണ്ടിവരും. ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 85, ആർട്ടിക്കിൾ 172, ആർട്ടിക്കിൾ 174, ആർട്ടിക്കിൾ 356 എന്നിവയാണ് ഭേദഗതി ചെയ്യേണ്ടത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനയുടെ പത്താം ഷെഡ്യൂളിലും മാറ്റം വേണ്ടിവരും. ഒരേസമയം തെരഞ്ഞെടുപ്പ് എന്ന വിഷയം പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സർക്കാർ സമിതി രൂപീകരിച്ചിരുന്നു.
