ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ വോട്ടിങ് മെഷീൻ തട്ടിപ്പ് നടന്നോയെന്ന് കോൺഗ്രസ് അന്വേഷിക്കുന്നു. ഇതിനായി ബൂത്ത് തലത്തിലുള്ള വോട്ടിങിന്റെ കണക്കുകൾ എത്രയും വേഗം കോൺഗ്രസ് ആസ്ഥാനത്തേക്ക് അയക്കാൻ പാർട്ടി സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി. മുൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ലഭിച്ച വോട്ട്, ഈ തെരഞ്ഞെടുപ്പിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന വോട്ട്, ഈ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ഇവയാണ് പാർട്ടി വിശകലനം ചെയ്യുന്നത്.

ഓരോ ബൂത്തിലും ലഭിച്ച വോട്ട് കണക്ക് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഫോം 20 ആണ് കോൺഗ്രസ് ആസ്ഥാനത്തേക്ക് പാർട്ടി സ്ഥാനാർത്ഥികൾ അയക്കേണ്ടത്. ഈ വരുന്ന ജൂൺ ഏഴിന് മുൻപ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ഫോം 20 അയച്ചുകൊടുക്കണമെന്നാണ് നിർദ്ദേശം. ഇതിലൂടെ പാർട്ടിക്ക് ബൂത്തു തലത്തിൽ വോട്ട് കുറഞ്ഞത് കണ്ടെത്തി, ഇവിടെയൊക്കെ എന്തുകൊണ്ട് വോട്ട് കുറഞ്ഞു, പാർട്ടിക്ക് പറ്റിയ തെറ്റുകൾ എന്താണ്, ഇവ എങ്ങിനെ തിരുത്തണം തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നാണ് പാർട്ടി വിശദീകരണം.

എന്നാൽ തെരഞ്ഞെടുപ്പിലെ തോൽവി ഇനിയും ഉൾക്കൊള്ളാൻ പല സ്ഥാനാർത്ഥികൾക്കും കഴിഞ്ഞിട്ടില്ല. പ്രവർത്തക സമിതി യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രണ്ട് യുവ നേതാക്കൾ വോട്ടിങ് മെഷീൻ തട്ടിപ്പ് നടന്നോയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. പ്രാദേശിക തലത്തിലും ഈ വികാരം നിലനിൽക്കുന്നതിനാലാണ് ഈ വിശകലനം നടത്തുന്നത്. വോട്ടിങ് മെഷീൻ തട്ടിപ്പ് നടന്നോയെന്ന് മനസിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഫലപ്രഖ്യാപനത്തിന് തൊട്ടുമുൻപ് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം വോട്ടിങ് മെഷീൻ തിരിമറി ആരോപണവുമായി രംഗത്ത് വന്നിരുന്നു. പക്ഷെ ഫലപ്രഖ്യാപനം വന്നപ്പോൾ എൻഡിഎയുടെ വൻ വിജയം കണ്ട പാർട്ടികൾ പിന്നീട് ഈ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോയി. ബൂത്ത് തലത്തിൽ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ അസ്വാഭാവികമായ ഉയർച്ച ബിജെപിയുടെ വോട്ട് കണക്കിൽ ഉണ്ടായോ, അസ്വാഭാവികമായ താഴ്ച കോൺഗ്രസിന്റെ വോട്ട് കണക്കിൽ ഉണ്ടായോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കോൺഗ്രസ് പാർട്ടി. അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വോട്ടിങ് മെഷീൻ തിരിമറിയെ ശരിവയ്ക്കുമെന്ന് അവർ കരുതുന്നു.