ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ(ഐബി) ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുൻ ആംആദ്മി നേതാവ് ഉൾപ്പെടെ അഞ്ച് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ആംആദ്മി പാർട്ടിയുടെ മുൻ നേതാവും മുൻ കൗൺസിലറുമായ താഹിർ ഹുസൈൻ, ജാവേദ്, അനസ്, നാസിം, കാസിം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ(ഐബി) ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുൻ ആംആദ്മി നേതാവ് ഉൾപ്പെടെ അഞ്ച് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ആംആദ്മി പാർട്ടിയുടെ മുൻ നേതാവും മുൻ കൗൺസിലറുമായ താഹിർ ഹുസൈൻ, ജാവേദ്, അനസ്, നാസിം, കാസിം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിൽ ആറുപ്രതികളെ കോടതി വെറുതേവിട്ടു. ഇവർക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപ്രതികളെയും വെറുതേവിട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ പിന്നീട് വിധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2020-ലെ ഡൽഹി കലാപത്തിനിടെയാണ് ഐബി ഉദ്യോ​ഗസ്ഥനായ അങ്കിത് ശർമയെ പ്രതികൾ കൊലപ്പെടുത്തിയത്. താഹിർ ഹുസൈനും കൂട്ടുപ്രതികളും കലാപത്തിന്റെ ഭാ​ഗമായി നിയമവിരുദ്ധമായി സംഘംചേർന്നെന്നും തുടർന്ന് ഉദ്യോ​ഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ട ഉദ്യോ​ഗസ്ഥന്റെ മൃതദേഹം പിന്നീട് അഴുക്കുചാലിലാണ് കണ്ടെത്തിയത്. ഉദ്യോ​ഗസ്ഥന്റെ മുഖവും മറ്റുഭാ​ഗങ്ങളും ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് പ്രതികൾ ഈ ക്രൂരത കാട്ടിയത്.

സംഭവത്തിൽ അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാറിന്റെ പരാതിയിലാണ് പൊലീസ് താഹിർ ഹുസൈൻ അടക്കമുള്ളവർക്കെതിരേ കേസെടുത്തത്. സിഎഎ സമരത്തിനിടെ നടന്ന അന്ന് സംഘർഷവും ആക്രമണങ്ങളും വ്യാപകമായിരുന്നു. ഇതിന്റെ ഭാ​ഗമായി അന്ന് കൗൺസിലറായിരുന്ന താഹിർ ഹുസൈന്റെ ഓഫീസിലും ​അക്രമികൾ തമ്പടിച്ചിരുന്നു. ഈ ഓഫീസിന്റെ മുകളിൽനിന്നാണ് പെട്രോൾ ബോംബേറും കല്ലേറും ഉൾപ്പെടെ ഉണ്ടായത്. ഇതിനിടെയാണ് ഓഫീസിൽനിന്ന് മടങ്ങിയെത്തിയ മകൻ സാധനങ്ങൾ വാങ്ങാനായി പുറത്തുപോയതെന്നും എന്നാൽ പിന്നീട് മകൻ തിരിച്ചെത്തിയില്ലെന്നുമാണ് രവീന്ദർ കുമാറിന്റെ പരാതിയിലുണ്ടായിരുന്നത്. തുടർന്ന് തിരച്ചിൽ നടക്കുന്നതിനിടെയാണ് പ്രദേശത്തെ ഒരു അഴുക്കുച്ചാലിൽ മൃത​ദേഹം കണ്ടെത്തിയത്.

അതിനിടെ, കേസിൽ ഉൾപ്പെട്ടതോടെ താഹിർ ഹുസൈനെ ആംആദ്മി പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. കേസിൽ ജാമ്യംതേടി താഹിർ ഹുസൈൻ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയുംചെയ്തു.