ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രിയും എസ്.പി. നേതാവുമായ ഗായത്രി പ്രജാപതി യെ ലഖ്‌നൗ ജയിലിൽ വെച്ച് ചൊവ്വാഴ്ച സഹതടവുകാരൻ ആക്രമിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ലഖ്‌നൗ: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ഉത്തർപ്രദേശിലെ മുൻ മന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്.പി.) നേതാവുമായ ഗായത്രി പ്രജാപതിയെ ലഖ്‌നൗ ജയിലിനുള്ളിൽ വെച്ച് സഹതടവുകാരൻ ആക്രമിച്ചു. പരിക്കേറ്റ പ്രജാപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലേഷ് യാദവ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു പ്രജാപതിയെ, ബലാത്സംഗ കുറ്റം ചുമത്തി 2017-ലാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ജയിലിൽ ശുചീകരണ ജോലി ചെയ്യുകയായിരുന്ന ഒരു തടവുകാരനുമായി പ്രജാപതി വഴക്കുണ്ടാകുകയും പിന്നാലെ തടവുകാരൻ കബോർഡ് ഉപയോഗിച്ച് പ്രജാപതിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ മുൻമന്ത്രിയുടെ വലത് കൈക്കും തലയ്ക്കും പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകട നില തരണം ചെയ്തുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രജാപതിയെ ആക്രമിച്ച തടവുകാരനെ ജയിൽ അധികൃതർ ചോദ്യം ചെയ്തു വരികയാണ്. മുൻമന്ത്രിക്ക് നേരെ ജയിലിൽ വെച്ചുണ്ടായ ആക്രമണത്തിൽ സമാജ്‌വാദി പാർട്ടി ആശങ്ക രേഖപ്പെടുത്തി. സമഗ്രമായ അന്വേഷണം വേണമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എക്‌സിലൂടെ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ്