കൊല്ലം: അബദ്ധ ധാരണകളെത്തുടര്‍ന്ന് സമൂഹം മുഖംതിരിച്ച പിഞ്ചുകുട്ടികളോട് അനുഭാവപൂര്‍വ്വമായ സമീപനമായിരുന്നു സുഷമ സ്വരാജ് സ്വീകരിച്ചത്. അച്ഛനമ്മമാര്‍ എയ്ഡ്സ് മൂലം മരിച്ചതിനെ തുടര്‍ന്ന് സമൂഹം ഒറ്റപ്പെടുത്തിയ ആദിച്ചനല്ലൂര്‍ സ്വദേശികളായ കുട്ടികളെ അമ്മയുടെ കരുതലോടെയാണ് സുഷമ സ്വരാജ് കണ്ടത്. ബെന്‍സന്‍റെയും ബെന്‍സിയുടെയും നെറുകയില്‍ സുഷമ സ്വരാജ് ചുംബിച്ചപ്പോള്‍ അവര്‍ മാതൃസ്നേഹത്തിന്‍റെ മാധുര്യം നുകരുകയായിരുന്നു. 

മടിയിലിരുത്തി ലാളിച്ചും പുണര്‍ന്നും പാട്ടുപാടിച്ചും കൈപിടിച്ച് ഒപ്പം നടത്തിയും സുഷമ ആ ഏകാന്ത ബാല്യങ്ങള്‍ക്ക് സ്നേഹത്തിന്‍റെ അനുഭൂതി നല്‍കിയത് 2003 സെപ്റ്റംബറിലായിരുന്നു. അഞ്ചു വര്‍ഷത്തെ ഇവരുടെ ചികില്‍സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയ ശേഷമായിരുന്നു സുഷമ മടങ്ങിയത്. 

"

കുട്ടികള്‍ക്ക് സ്കൂളിലും സമൂഹത്തിലും നേരിട്ട ഒറ്റപ്പെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്‍റെ സന്ദര്‍ശനം. കുട്ടികളുടെ മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിനോട് സുഷമ  വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. 

കുട്ടികള്‍ക്ക് മാസംതോറും അയ്യായിരത്തിലേറെ രൂപ ചികില്‍സാ ചെലവുണ്ടെന്ന് അദ്ദേഹം മന്ത്രിയെ അറിയിക്കുകയായിരുന്നു. ഇവരുടെ അടുത്ത അഞ്ചു വര്‍ഷത്തെ മുഴുവന്‍ ചികില്‍സാചെലവും ഏറ്റെടുക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാനോടും എംഡിയോടും അപ്പോള്‍തന്നെ മന്ത്രി നിര്‍ദേശിച്ചു. മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തശേഷം  കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടാണ് സുഷമ ദില്ലിക്ക് മടങ്ങിയത്.