ദില്ലി: രാജ്യത്തെ ഞെട്ടിച്ച പീഡനക്കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ തേടി തീഹാര്‍ ജയില്‍ അധികൃതര്‍. ഒരുമാസത്തിനുള്ളില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കോടതി ബ്ലാക്ക് വാറന്‍റ് അനുവദിച്ച് കഴിഞ്ഞാല്‍ ഏതുദിവസവും ശിക്ഷ നടപ്പാക്കണമെന്നിരിക്കെയാണ് ആരാച്ചാറില്ലാത്ത അവസ്ഥയില്‍ തീഹാര്‍ ജയില്‍ അധികൃതര്‍ കുഴങ്ങിയിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമാകുന്ന മുറക്ക് കോടതി ബ്ലാക്ക് വാറന്‍റ് പുറത്തിറക്കുമെന്നാണ് വിവരം. 

ഇതിന് മുന്‍പ് പാര്‍ലമെന്‍റ് ഭീകരാക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ഒറ്റരാത്രി കൊണ്ടാണെന്നിരിക്കെയാണ് ആരാച്ചാര്‍ ക്ഷാമം തീഹാര്‍ ജയിലിനെ വലക്കുന്നത്. ആരാച്ചാര്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കാന്‍ മറ്റ് ജയിലുകളില്‍ നിന്ന് ആരാച്ചാറെ എത്തിക്കാനും നീക്കമുണ്ട്. അതേസമയം ശിക്ഷ നടപ്പാക്കാന്‍ ജയിലില്‍ തന്നെയുള്ള അധികൃതര്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുന്‍പ് തീഹാര്‍ ജയിലില്‍ പ്രവര്‍ത്തിച്ച ആരാച്ചാറുടെ പിന്‍ഗാമികളേയും അധികൃതര്‍ തേടുന്നുണ്ട്. എന്നാല്‍ ഇത്തവണയും ആരാച്ചാരായി ആരേയും സ്ഥിരമായി നിയമിക്കില്ലെന്നും കരാര്‍ അടിസ്ഥാനത്തിലായിരിക്കും ജോലിയില്‍ ചേര്‍ക്കുകയെന്നുമാണ് വിവരം. രാജ്യത്ത് തൂക്കിലേറ്റാന്‍ വിധിക്കുന്നത് വളരെ കുറവ് കുറ്റവാളികളെയാണ് അതിനാല്‍ മുഴുവന്‍ സമയ ആരാച്ചാരെ നിയമിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. കേസിലെ പ്രതികളില്‍ ഒരാള്‍ മാത്രമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജിയുമായി സമീപിച്ചിരിക്കുന്നത്. മറ്റ് പ്രതികളായ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടും ദയാഹര്‍ജി നല്‍കിയിരുന്നില്ല. 

2012 ഡിസംബർ 16 -ന് രാത്രി,സുഹൃത്തിനൊപ്പം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ ആ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചിരുന്നു.  രാത്രിയിൽ ദക്ഷിണ ദില്ലിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ് ലൈൻ ബസ്സിലാണ് പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിനും ശാരീരികാക്രമണത്തിലും വിധേയയായത്.

അനധികൃത സർവീസ് നടത്തുകയായിരുന്ന ആ ബസ്സിൽ നേരത്തെ ഉണ്ടായിരുന്നവർ ചേർന്ന് ശല്യം ചെയ്തപ്പോൾ അതിനെ ചോദ്യംചെയ്ത സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയിൽ അക്രമികൾ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതാണ്ട് 11 മണിയോടെ, അർദ്ധനഗ്നാവസ്ഥയിൽ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളഞ്ഞു. അതുവഴി പോയ ഒരാളാണ് അവശനിലയിൽ കിടന്ന അവരെ കണ്ടെത്തുന്നതും പൊലീസിൽ അറിയിക്കുന്നതും. 

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു. ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, ഡൽഹിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങൾക്ക് കാരണമായി. 

സംഭവം നടന്നിട്ട് ഏഴുവർഷം കഴിഞ്ഞിരിക്കുന്നതിനിടയില്‍ പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം മുതലാക്കി ഒരു പ്രതിമാത്രമാണ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. ഇതിനിടെ ഒരിക്കൽപോലും അവർക്ക് ജാമ്യത്തിൽ വെളിയിലിറങ്ങാനുള്ള സാഹചര്യം പോലീസ് സൃഷ്ടിച്ചിട്ടില്ല.