Asianet News MalayalamAsianet News Malayalam

'കരസേന മേധാവി രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല'; വിവാദ പരാമര്‍ശത്തില്‍ കരസേനയുടെ മറുപടി

കരസേന മേധാവി നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമായിരുന്നെന്നാണ് വിശദീകരണം

explanation on army chiefs political statement
Author
Delhi, First Published Dec 27, 2019, 10:43 AM IST

ദില്ലി: പൗരത്വ പ്രതിഷേധങ്ങളിലെ കരസേന മേധാവി ബിപിന്‍ റാവത്തിന്‍റെ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന. ജനറൽ ബിപിൻ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നല്‍കുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമായിരുന്നു. പൗരത്വനിയമം പരാർശിക്കുകയോ അവ തള്ളിപറയുകയോ ബിപിന്‍ റാവത്ത് ചെയ്തിട്ടില്ലെന്നും സേനാവൃത്തങ്ങൾ വിശദീകരിക്കുന്നു. പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കരസേന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

"സായുധ കലാപത്തിലേക്ക് ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല'', എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിൻ റാവത്തിന്‍റെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾ രാജ്യത്ത് കൊടുമ്പിരിക്കൊള്ളുമ്പോൾ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമർശം നടത്തുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയചായ്‍വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാൻ കരസേനാമേധാവിയെ അനുവദിച്ചാൽ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോൺഗ്രസിന്‍റെ ചോദ്യം. കരസേന മേധാവി മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 

പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്‍റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസും വിമര്‍ശിച്ചു. 'നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിർദ്ദേശിക്കുന്നത്. ഇത്തരം തത്വങ്ങളാണ് സേന കാലാകാലങ്ങളായി പിന്തുടരുന്നത്. നമ്മള്‍ രാജ്യത്തെയാണ് സേവിക്കുന്നത് അല്ലാതെ രാഷ്ട്രീയ ശക്തികളെയല്ല എന്ന ചട്ടം വളരെ വ്യക്തമാണ്. ഇന്ന് നമ്മൾ കേട്ടിട്ടുള്ള ഏതെങ്കിലും രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുക എന്നത് ശരിയായ രീതിയല്ല. അത് എത്ര ഉയര്‍ന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും. അത് ശരിയായ നടപടിയല്ല', ജനറല്‍ എല്‍ രാംദാസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios