ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം. മരണ സംഖ്യ ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി വിവരങ്ങള്‍. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു.

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. വൈകിട്ട് 6.55ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് സെപ്ഷ്യൽ സെൽ വൃത്തങ്ങള്‍. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത്ഷായിൽ നിന്ന് വിവരങ്ങൾ തേടിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിവരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ആദ്യം സിഎൻജി വാഹനം പൊട്ടിത്തെറിച്ചതായാണ് നി​ഗമനത്തിലെത്തിയത്. എന്നാൽ, പിന്നീട് ആക്രമണം ആണോയെന്ന സംശയത്തിലാണ് അധികൃതർ. 30ലധികം പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അഞ്ച് ഫയർ എൻജിനുകൾ എത്തിച്ചേർന്നാണ് തീയണച്ചത്. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. സ്ഫോടനത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല. അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. ദില്ലിയില്‍ സെപ്ഷ്യൽ സെല്ലിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരികയാണ്. 

എയര്‍പോര്‍ട്ടുകളിലടക്കം കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അമിത് ഷാ ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. 

YouTube video player