നൂറുകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

ദില്ലി: ജമ്മു കശ്മീർ റെയിൽവേ സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാ​ഗിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. സ്ഫോടക വസ്തുക്കളും 18 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തതെന്ന് ജിആർപി എസ്എസ്പി ആരിഫ് റിഷു പറഞ്ഞു. വ്യാഴാഴ്ചയാണ് സ്ഫോടക വസ്തുക്കൾ നിറച്ച ബാ​ഗ് കണ്ടെത്തിയത്. സ്റ്റേഷനിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് ബാഗ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജമ്മു റെയിൽവേ സ്റ്റേഷനിലെ ടാക്സി സ്റ്റാൻഡിന് സമീപത്തുനിന്ന് ബാഗ് കണ്ടെടുത്തെന്നും രണ്ട് പെട്ടികളിലായി പൊതിഞ്ഞ നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

18 ഡിറ്റണേറ്ററുകളും കുറച്ച് വയറുകളുമാണ് കണ്ടെടുത്തത്. ഏകദേശം 500 ഗ്രാം മെഴുക് തരത്തിലുള്ള വസ്തുക്കളാണ് ബോക്സിൽ ഉണ്ടായിരുന്നതെന്നും ആരിഫ് റിഷു മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ, റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. 

ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടതിന് പിന്നാലെയാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായെന്നും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. 

2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു. 

'എൻഐഎക്ക് വിശാല അധികാരം, 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ': അമിത് ഷാ