നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ ഭീഷണി തുടരുന്നു. പരസ്യമായി മാപ്പ് പറഞ്ഞിട്ടും ആക്രമണങ്ങൾ അവസാനിക്കാത്തതിനാൽ കുടുംബത്തിന് വീട് മാറേണ്ടി വന്നു. കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുകയും വ്യക്തിവിവരങ്ങൾ ചോർന്ന് വ്യാജപ്രചാരണം നടക്കുകയും ചെയ്യുന്നതായി കുടുംബം ആരോപിക്കുന്നു.
ദില്ലി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ ഭീഷണി തുടരുന്നു. സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടും തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും ഭീഷണികൾക്കും അയവില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഭീഷണിയെ തുടർന്ന് സുരക്ഷ മുൻനിർത്തി ഇതിനോടകം മൂന്ന് വീടുകൾ മാറിത്താമസിക്കേണ്ടി വന്നതായും കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെട്ട സ്ഥിതിയിലാണെന്നും അമ്മ പറയുന്നു.
സംഭവത്തിൽ കുട്ടിയോട് ക്ഷമിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയ കാര്യവും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, പോലീസിൽ നിന്ന് തങ്ങളുടെ വിവരങ്ങൾ ചോർന്നതായും കുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പെൺകുട്ടിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നിരിക്കെ, കുട്ടിയെ മനഃപൂർവം ഉന്നം വെക്കുന്നതിനായി 25 വയസ്സുള്ള ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തിൽ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


