ചിറാല(ആന്ധ്ര പ്രദേശ്): ഹോട്ട്സ്പോട്ട് മേഖലയില്‍ മാസ്കും ഹെല്‍മറ്റും ധരിക്കാത്തതിന് പിടികൂടിയ ദളിത് യുവാവ്  പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി ആരോപണം. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിലെ ചിറാലയില്‍ നിന്നാണ് പൊലീസ് യുവാവിനെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് വൈ കിരണ്‍ കുമാര്‍ എന്ന ദളിത് യുവാവ് മരിച്ചത്. 

തലയ്ക്ക് പരിക്കേറ്റ് യുവാവ് ഗുണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാസ്ക് ധരിക്കാത്തതിന് പിടികൂടിയ പൊലീസ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കിരണ്‍ കുമാറിന്‍റെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ പൊലീസ് ജീപ്പില്‍ നിന്ന് രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് തലയ്ക്ക് പരിക്കേറ്റതെന്നാണ് പ്രകാശം പൊലീസ് വിശദമാക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചുവെന്ന കുടുംബത്തിന്‍റെ ആരോപണം പൊലീസ് നിഷേധിച്ചു.

ജൂലൈ പതിനെട്ടാം തിയതി കിരണ്‍ കുമാറും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഇവര്‍ മാസ് ധരിച്ചിരുന്നില്ല. കോത്പേട്ട് ചെക്ക് പോസ്റ്റില്‍ പൊലീസ് ഇവരെ തടഞ്ഞു. എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന യുവാവും സുഹൃത്തും പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കിരണ്‍  കുമാറിന്‍റെ രക്തപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇയാള്‍ പൊലീസ് ജീപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ പരിക്ക് പറ്റിയെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.

യുവാവിനെ പൊലീസ് കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് പ്രകാശം ജില്ലാ എസ്പി സിദ്ധാര്‍ത്ഥ് കൌശല്‍ പ്രതികരിക്കുന്നത്. സംഭവങ്ങള്‍ക്കെല്ലാം കിരണ്‍ കുമാറിന്‍റെ സുഹൃത്ത് സാക്ഷിയാണെന്നും എസ് പി പറയുന്നു. യുവാവിന്‍റെ ശരീരത്തില്‍ മറ്റ് പരിക്കില്ലെന്നും പൊലീസ് വിശദമാക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ട എസ് പി സംഭവത്തില്‍ കസ്റ്റഡി മരണത്തിന് കേസെടുത്തിട്ടുണ്ട്.