24കാരിയായ മരുമകൾ ഒളിച്ചോടിയെന്ന് ഭർതൃവീട്ടുകാർ അറിയിച്ചപ്പോൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായത് മാസങ്ങൾക്ക് ശേഷം.
ഫരീദാബാദ്: ഓടയിലെ തകരാർ പരിഹരിക്കാൻ അച്ഛനും മകനും പൊതുറോഡിൽ കുഴി വെട്ടി കോൺക്രീറ്റ് ചെയ്തു. മകന്റെ ഭാര്യാവീട്ടുകാരുടെ പരാതിയിൽ നടത്തിയ പരിശോധനയിൽ പുറത്ത് വന്നത് ക്രൂരമായ കൊലപാതകം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഫരീദാബാദിലെ റോഷൻ നഗറിലെ വീടിന് മുൻവശത്തെ റോഡിലാണ് വെള്ളിയാഴ്ച അച്ഛനും മകനും ചേർന്ന് ഓടയുടെ തകരാറ് പരിഹരിക്കാനായി കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്തത്. മകന്റെ ഭാര്യാ വീട്ടുകാരുടെ പരാതിയിൽ ഉറച്ച് തുടങ്ങിയ കോൺക്രീറ്റിന് അടിയിൽ നിന്ന് കണ്ടെത്തിയത് 24കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം. തങ്ങൾ നടന്നിരുന്ന വഴിയുടെ താഴെ യുവതിയുടെ മൃതദേഹമുണ്ടെന്ന് വ്യക്തമാവുന്നതും അങ്ങനെയാണ്.
ഉത്തർപ്രദേശിലെ ശിഖോഹാബാദ് സ്വദേശിയായ തനു എന്ന 24കാരിയാണ് സ്ത്രീധനത്തേച്ചൊല്ലിയുള്ള നിരന്തരമായ പീഡനത്തിന് ഒടുവിൽ കൊല ചെയ്യപ്പെട്ടത്. രണ്ട് വർഷം മുൻപായിരുന്നു യുപി സ്വദേശിയായ യുവതിയും ഫരീദാബാദ് സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2023ൽ വിവാഹ ശേഷം തന്നെ സ്ത്രീധനത്തിനെ ചൊല്ലി തനു പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് തനുവിന്റെ സഹോദരി പ്രീതി വിശദമാക്കുന്നത്. ഭർതൃവീട്ടുകാരുടെ ശാരീരിക മാനസിക പീഡനം സഹിക്ക വയ്യാതെ തിരിച്ച് സ്വന്തം വീട്ടിലേക്ക് വന്ന യുവതിയെ അടുത്തിടെയാണ് ഭർത്താവ് വന്ന് കൂട്ടിക്കൊണ്ട് പോയത്.
എന്നാൽ തിരിച്ച് പോയ ശേഷം തനുവുമായി ഫോണിലൂടെ പോലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് സഹോദരി പ്രീതി വിശദമാക്കുന്നത്. ഭർതൃ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് വല്ലപ്പോഴും തനു വിളിക്കുന്നത് മാത്രമായിരുന്നു വീട്ടുകാർക്ക് ആശ്വാസം. എന്നാൽ ഏപ്രിൽ 9ന് ശേഷം അതും ഉണ്ടായില്ല. എന്നാൽ ഏപ്രിൽ 23ന് തനു ഒളിച്ചോടിയതായി ഭർത്താവിന്റെ ബന്ധുക്കൾ അറിയിച്ചതോടെയാണ് കുടുംബത്തിന് ആശങ്ക ഏറിയത്. പിന്നാലെ തനുവിന്റെ സഹോദരി നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയായിരുന്നു.
പിന്നീട് കേസിൽ അന്വേഷണം ആരംഭിച്ച സമയത്ത് ഓട തകരാറ് പരിഹരിക്കാൻ റോഡിൽ അരുണിന്റെ പിതാവ് വലിയ കുഴി എടുത്തതായി നാട്ടുകാരിൽ നിന്ന് വ്യക്തമായതോടെയാണ് സ്ഥലം പൊലീസ് ജെസിബി സഹായത്തോടെ കുഴിച്ചത്. സിമന്റ് സ്ലാബിന് അടിയിൽ തനുവിന്റെ മൃതദേഹം ഇട്ട ശേഷം കോൺക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഫരീദാബാദിലെ റോഷൻ നഗര്‍ സ്വദേശി അരുൺ, ഭർതൃമാതാവ്, ഭർതൃപിതാവ്, ഭർത്താവിന്റെ അടുത്ത ബന്ധു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീടിനോട് ചേർന്നു പൊതുവഴിയിലെ കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഈ ഭാഗത്ത് രണ്ട് മാസങ്ങൾക്ക് മുൻപാണ് ഓട നിർമ്മിച്ചത്. അന്ന് തൊഴിലാളികൾ എടുത്തതിന് സമാനമായ കുഴിയാണ് അരുണും പിതാവും ചേർന്ന് എടുത്തത്. അതിനാൽ പ്രദേശവാസികൾക്ക് സംശയം തോന്നിയിരുന്നില്ല.


