സുപ്രസിദ്ധ ജ്യോതിഷിയായ ബേജാൻ ദാരുവാല തന്റെ എൺപത്തിയെട്ടാം വയസ്സിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ന്യൂമോണിയയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദാരുവാലയുടെ ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞിരുന്നു. ശ്വസിക്കാൻ ഏറെ പാടുപെട്ടിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. 

ബേജാൻ ദാരുവാലയുടെ പേര് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ കൊവിഡ് മരണ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എങ്കിലും, മകൻ നസ്തുർ ദാരുവാല തന്റെ അച്ഛൻ മരിച്ചത് കൊറോണാവൈറസ് ബാധയാലാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പാടെ നിഷേധിച്ചു. അച്ഛന് ന്യൂമോണിയ ആയിരുന്നു എന്നും കൊവിഡ് അല്ലായിരുന്നു എന്നും മകൻ പറയുന്നു. മരണത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അനുശോചനങ്ങൾ രേഖപ്പെടുത്തി. 

ഏറെ പ്രസിദ്ധമായ പല പ്രവചനങ്ങളുടെയും പേരിൽ ദാരുവാല ദേശീയ മാധ്യമ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 2014 -ൽ നരേന്ദ്ര മോദിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടും എന്ന പ്രവചനമായിരുന്നു അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. "മോദിയുടെ ചന്ദ്രനും ചൊവ്വയും ഒന്നിച്ചാണ് തെളിഞ്ഞിട്ടുള്ളത്. ഇനി അദ്ദേഹത്തെ വിജയിക്കുന്നതിൽ നിന്ന് തടുക്കാൻ ആർക്കും ആവില്ല"എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ദാരുവാലയുടെ പ്രവചനം. മോദിക്ക് മുമ്പ് വാജ്‌പേയി, മൊറാർജി ദേശായി എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയവും ദാരുവാല വിജയകരമായി പ്രവചിച്ചിരുന്നു. ഗുജറാത്തിൽ ഭൂകമ്പം ഉണ്ടാകും എന്ന ദാരുവാലയുടെ പ്രവചനവും ഫലിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റായ ഗണേശാ സ്പീക്സ് അവകാശപ്പെടുന്നുണ്ട്. സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിവരുടെ അകാല മരണവും അദ്ദേഹം പ്രവചിച്ചവയുടെ കൂട്ടത്തിൽ പെടുമത്രേ.

 

 

ഒരു വലിയ ഗണേശഭക്തനായിരുന്നു ബേജാൻ ദാരുവാല. ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ പ്രവചനങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്."ഒരു പ്രവചനത്തെ സ്വാധീനിക്കുന്ന അഞ്ചു കാര്യങ്ങളുണ്ട്.ഒരാളെ അല്ലെങ്കിൽ അയാളുടെ ചിത്രത്തെ നോക്കുമ്പോൾ തന്നെ എനിക്ക് ചില വൈബ്രെഷൻസ് കിട്ടും. രണ്ടാമത് ആ വ്യക്തി കാണാൻ വരുന്ന സമയം വളരെ പ്രധാനമാണ്. പ്രവചനങ്ങളെ അത് സ്വാധീനിക്കും. മൂന്നാമതായി, ഏത് ദിവസമാണ് പ്രവചിക്കുന്നത്. ശുഭദിനങ്ങൾ ആണോ അല്ലയോ? നാലാമതായി,  വരുന്നയാളിന്റെ കൈരേഖ. അതും ഞാൻ ഉള്ളിലേക്കെടുക്കും. അഞ്ചാമതായി, അയാളുടെ ജാതകം അതും പഠിക്കും. ഇതെല്ലാം എന്റെ തലച്ചോർ എന്ന കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്ത് ഏതാനും നിമിഷങ്ങൾ ചിന്തിക്കും. അതിനു ശേഷം കണ്ണ് തുറന്നു ഗണപതിയുടെ വിഗ്രഹത്തെ നോക്കി ഞാൻ എന്റെ പ്രവചനം പറയും.. അതാണ് പതിവ്." 

മെയ് 21 -നുള്ളിൽ  കൊറോണവൈറസ് ഇന്ത്യ വിട്ടുപോകും എന്ന് ദാരുവാല പ്രവചിക്കുന്ന ഒരു വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു