ദില്ലി: കര്‍ഷക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകൾ നാളെ രാജ്യസഭയിൽ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അകാലിദളിന് പിന്നാലെ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ടിആര്‍എസും പ്രഖ്യാപിച്ചു. സമവായം ഉണ്ടാക്കാൻ സര്‍ക്കാര്‍ ചര്‍ച്ച തുടരുകയാണ്. ബില്ലുകൾക്കെതിരെ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ  കര്‍ഷക പ്രതിഷേധം തുടരുന്നു.

കര്‍ഷക പ്രതിഷേധം തള്ളിയാണ് മൂന്ന് കാര്‍ഷിക ബില്ലുകൾ നാളെ രാജ്യസഭയിൽ വരുന്നത്. അകാലിദളിനൊപ്പം എൻ.ഡി.എയുമായി സഹകരിച്ചിരുന്ന കൂടുതൽ പാര്‍ടികൾ ബില്ലിനെതിരെ തിരിയുകയാണ്. അകാലികൾ ബില്ലിനെതിരെ വോട്ടുചെയ്യും. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാൻ ടി.ആര്‍.എസിന്‍റെ ഏഴ് അംഗങ്ങളും ചന്ദ്രശേഖര്‍റാവുവും നിര്‍ദ്ദേശിച്ചു. 

243  അംഗ രാജ്യസഭയിൽ നാല് നോമിറ്റഡ് അംഗങ്ങൾ ഉൾപ്പടെ 113 അംഗങ്ങളുടെ പിന്തുണയേ ഇപ്പോൾ എൻഡിഎക്കുള്ളു. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ടികൾ കൂടി തിരിഞ്ഞാൽ ബില്ല് പാസാക്കുക വെല്ലുവിളിയാകും. സമവായത്തിനായി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും റെയിൽവെമന്ത്രി പിയൂഷ് യോഗവും കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികളുമായി ചര്‍ച്ച തുടരുകയാണ്. സര്‍ക്കാരിന്‍റേത് അധാര്‍മ്മിക പ്രവര്‍ത്തനം എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നൽകിയ അടിയന്തിര പ്രമേയനോട്ടീസ് രാജ്യസഭ അദ്ധ്യക്ഷൻ തള്ളി.

കാര്‍ഷിക ബില്ലുകൾ കര്‍ഷകരുടെ കണ്ണീരൊപ്പനെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണം. താങ്ങുവില ഇല്ലാതാകില്ലെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ വ്യക്തമാക്കി. ട്വിറ്ററിലല്ല പാർലമെൻറിനുള്ളിൽ പ്രധാനമന്ത്രി ഈ ഉറപ്പ് നല്കണമെന്ന്  ശിരോമണി അകാലിദൾ നേതാവ് സുഖ്നീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു. ഹരിയാനയിൽ ദുഷ്യന്ത്ര ചൗതാലയും നിലപാട് കർശനമാക്കി. പഞ്ചാബിലും ഹരിയാനയിലും മഹാരാഷ്ട്രയിലും കര്‍ഷക പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുമ്പോൾ എതിർപ്രചാരണത്തിനാണ്  സംസ്ഥാന ഘടകങ്ങളോട് ബിജെപി ആവശ്യപ്പെട്ടത്.