Asianet News MalayalamAsianet News Malayalam

അമിത് ഷായുമായി നടത്തിയ ചർച്ചയും പരാജയം; നാളത്തെ ചർച്ചയിൽ നിന്ന് കർഷകർ പിന്മാറി

അമിത് ഷായുടെ വസതിയിലാണ് ആദ്യം ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ചർച്ചയുടെ വേദി മാറ്റിയത്. 13 കർഷകനേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി

Farmer unions to discuss central governments promise cabinet to meet tomorrow
Author
Delhi, First Published Dec 8, 2020, 11:25 PM IST

ദില്ലി: കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ നാളത്തെ ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിന്മാറി. നാളെ സംഘടനകൾ യോഗം ചേരും. നിയമം പിൻവലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് ഹന്നൻ മൊല്ല പ്രതികരിച്ചു.

ഇന്ന് അമിത് ഷായുടെ വസതിയിലാണ് ആദ്യം ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റി. കൃഷിമന്ത്രാലയത്തിനു കീഴിലെ പുസ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ചർച്ചയുടെ വേദി മാറ്റിയത്. 13 കർഷകനേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി. കാർഷികനിയമം പിൻവലിച്ചുള്ള ഒത്തുതീർപ്പ് ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അഞ്ച് ഉറപ്പുകൾ എഴുതി നൽകാമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ചർച്ചയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് പറഞ്ഞ കർഷകർ നിയമം പിൻവലിക്കുമോ ഇല്ലേയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഇത് നടക്കാതെ വന്നതോടെയാണ് നാളത്തെ ചർച്ചയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം.

നേരത്തെ ചർച്ചയുടെ വേദി മാറ്റിയതിൽ പ്രതിഷേധിച്ച് ചർച്ച ബഹിഷ്ക്കരിച്ച കർഷക നേതാവ് റോൾദു സിംഗിനെ പോലീസ് സുരക്ഷയോടെ തിരിച്ചെത്തിച്ചു. നാളെ രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് ദേശവ്യാപകമായി കർഷക സംഘടനകൾ നടത്തിയ ബന്ദ് ശക്തമായിരുന്നു. പൊതുവേ സമാധാനപരമായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാരിനെതിരായ ശക്തമായ പ്രതിഷേധം ബന്ദിൽ പ്രതിഫലിച്ചു. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്തതും വീട്ടുതടങ്കലിലാക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായി.

Follow Us:
Download App:
  • android
  • ios