ദില്ലി: കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സിം സത്യാഗ്രഹവുമായി പഞ്ചാബിലെ കര്‍ഷകര്‍. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി റിലയന്‍സിന്റെ ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. 

അമൃത്സറില്‍ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ജിയോ സിമ്മുകള്‍ കത്തിച്ചുകളഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. 

റിയലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോള്‍/ ഡീസലും അടിക്കരുതെന്നും ആവശ്യപ്പെട്ട് ചില ക്യാംപയിനുകള്‍ നടക്കുന്നുണ്ട്. 

കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ക്യംപയിനുകള്‍ ആരംഭിച്ചത്.

''റിലയന്‍സ് ജിയോ നമ്പറുകള്‍ ബഹിഷ്‌കരിക്കണമെന്നും റിലയന്‍സ് പമ്പുകളില്‍ പ്രവേശിക്കരുതെന്നും ഞങ്ങള്‍ അഹ്വാനം ചെയ്യുന്നുണ്ട്. കോര്‍പ്പറേററുകളെ ബഹിഷ്‌കരിക്കുന്നത് കര്‍ഷകര്‍ നടപ്പിലാക്കി തുടങ്ങി''യെന്നും കിസാന്‍ യൂണിയന്‍ പ്രസിഡന്റ് മഞ്ജിത്ത് സിംഗ് റായ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നേരത്തേ ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ശഷകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. രാജ്യവ്യാപകമായി പ്രതിഷേദം ശക്തമാക്കിയിരിക്കുകയാണ് കര്‍ഷകര്‍.