ദില്ലി : കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തിനിടയില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി പ്രതിഷേധക്കാര്‍. ഭാരത് ബന്ദിനിടെ പഞ്ചാബിലും ഉത്തര്‍ പ്രദേശിലുമാണ് സംഭവം. റോഡ് ഉപരോധിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിക്കുന്നതിനിടയില്‍ കടന്നുവന്ന ആംബുലന്‍സിന് വളരെ വേഗത്തില്‍ വഴിയൊരുക്കുന്ന കര്‍ഷകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

പഞ്ചാബിലെ അമൃത്സര്‍ പത്താന്‍കോട്ട് ഹൈവേയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആംബുലന്‍സിന് വഴിയൊരുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡ് ഉപരോധിച്ച് സമരം നടക്കുന്നതിനിടെയാണ് സംഭവം.

യുപിയിലെ ഹാപുറിലും സമാനമായ സംഭവമുണ്ടായി. റോഡുകളില്‍ ട്രാക്ടറും മറ്റ് വാഹനങ്ങളും നിരത്തിയിട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം ഇതിനിടയിലേക്ക് എത്തിയ ആംബുലന്‍സിന് കാലതാമസം വരാതെ വഴിയൊരുക്കുന്ന കര്‍ഷകരുടെ ദൃശ്യങ്ങളും വൈറലായി. പത്തോളം ട്രേഡ് യൂണിയനുകളും കോണ്‍ഗ്രസ്, ആര്‍ജെഡി, തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് ഇന്നത്തെ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.