Asianet News MalayalamAsianet News Malayalam

കർഷക സമരച്ചൂടിൽ, ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക്, അതിർത്തിയിൽ സംഘർഷം 

എന്നാൽ ഹരിയാന സർക്കാർ സമരത്തിന് എതിരാണ്. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച്  പൊലീസ് അടച്ചിരിക്കുകയാണ്

farmers protest Delhi Chalo Live Updates tear gas shells at protesters near  border apn
Author
First Published Feb 13, 2024, 12:17 PM IST

ദില്ലി: കർഷക സമരച്ചൂടിൽ പഞ്ചാബും ഹരിയാനയും.ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിൽ സംഘർഷം ആരംഭിച്ചു. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളിൽ നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

താങ്ങുവില ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് കർഷകർ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് ചെയ്യുകയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരുമായി പരമാവധി സഹകരിച്ചുവെന്ന് കർഷക സംഘടന നേതാക്കൾ മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. 5 മണിക്കൂർ മന്ത്രിമാരുമായി ചർച്ച നടത്തി. ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പൊലീസും ജലപീരങ്കിയുമുണ്ട്.ഹരിയാനയിലെ കർഷകരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും കർഷക സംഘടന നേതാവ് സർവൻ സിങ് പാന്തർ ആരോപിച്ചു. കർഷക സമരം കണക്കിലെടുത്ത് ദില്ലിയിലെ ഉദ്യോഗ് ഭവൻ മെട്രോയിലെ പാർലമെൻറ്, സെൻട്രൽ സെക്രട്ടറിയേറ്റ് പരിസരത്തെ മൂന്നു ഗേറ്റുകൾ അടച്ചിരിക്കുകയാണ്.   

കർഷക സമരത്തിന് എഎപി സർക്കാർ പിന്തുണ നൽകുന്നുണ്ട്. ബവാന സ്റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്ര ആവശ്യം ദില്ലി മന്ത്രി കൈലാഷ് ഗെഹ്ലോട്ട്  തള്ളി.  കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്ന നിലപാടിലാണ് എഎപി സർക്കാർ.  സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കർഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. 


കർഷകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ 

1. താങ്ങുവില  നിയമ നിര്‍മ്മാണം നടപ്പാക്കുക

2. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക

3. സ്വതന്ത്ര വ്യാപാര കരാറുകളില്‍നിന്ന് ഇന്ത്യ പുറത്തുവര കം 

4. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടേയും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണം. സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ അവസാനിപ്പിക്കണം.

5. വൈദ്യുത ബോര്‍ഡുകള്‍ സ്വകാര്യവത്കരിക്കരുത്.

6. കൃഷിയും ചില്ലറ വ്യാപാരവും ചെറുകിട സംരംഭകര്‍ക്കായി സംവരണം ചെയ്യുക. കാർഷിക മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക 

7. കര്‍ഷക പെന്‍ഷന്‍ പ്രതിമാസം അയ്യായിരം രൂപയായി വര്‍ധിപ്പിക്കുക.

8. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക 

9. ലഖിം പൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം

 

Latest Videos
Follow Us:
Download App:
  • android
  • ios