Asianet News MalayalamAsianet News Malayalam

'പൊലീസിനൊപ്പം എത്തിയത് ബിജെപിക്കാർ, കീഴടങ്ങില്ല', ഗാസിപ്പൂരിൽ പ്രതികരിച്ച് ബിനോയ് വിശ്വവും രാഗേഷും

പൊലീസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന്  കെകെ രാഗേഷ് എംപി പ്രതികരിച്ചു.

farmers protest ghazipur border kk rakesh binoy viswam
Author
Delhi, First Published Jan 28, 2021, 7:39 PM IST

ദില്ലി: കർഷക സമരം നടക്കുന്ന ദില്ലി-ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിൽ സമര വേദിയിലേക്ക് പൊലീസ് എത്തിയ നടപടിക്കെതിരെ കർശനമായി പ്രതികരിച്ച് സമര വേദിയിൽ നിന്ന് കെകെ രാഗേഷ് എംപിയും ബിനോയ് വിശ്വം എംപിയും. 

പൊലീസിനേയും ഭരണകൂടത്തെയും ഉപയോഗിച്ച് ബിജെപിയും ആർഎസ്എസും സമരം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന്  കെകെ രാഗേഷ് എംപി ആരോപിച്ചു. ബിജെപി നേതാക്കളാണ് പൊലീസിനൊപ്പം എത്തിയത്. ബിജെപിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് കർഷകർ ഉറപ്പിക്കുകയാണ്. നേരത്തെ അറസ്റ്റിന് വഴങ്ങാമെന്നായിരുന്നു രാകേഷ് ടിക്കായത്തും തങ്ങളുമടക്കം അടക്കം തീരുമാനമെടുത്തിരുന്നത്. എന്നാൽ ബിജെപി നേതാക്കളുമായി എത്തിയുള്ള പൊലീസ് നടപടികളെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും കർഷകരെ അടിച്ചൊതുക്കാൻ സമ്മതിക്കില്ലെന്നും കെകെ രാകേഷ് പ്രതികരിച്ചു. കൂടുതൽ കരുത്തോടെ സമരം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒഴിപ്പിക്കാൻ ജില്ലാഭരണകൂടം; സമര വേദിയിൽ പൊലീസ്, വെടിവച്ച് കൊന്നോളു എന്ന് ടിക്കായത്ത്, ഗാസിപ്പൂരിൽ സംഘർഷാവസ്ഥ

അതേ സമയം കർഷകരുടെ സമരം സമാധാനത്തിന്റേതാണെന്നും പൊലീസും ബിജെപി നേതാക്കളുമാണ് സമരവേദിയിലേക്ക് വന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കേന്ദ്രവും പൊലീസും ആർഎസ് എസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സമരം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. 

ദില്ലി - ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപ്പൂരിലെ കർഷകരുടെ സമര വേദിയിലേക്ക്  എത്തിയ പൊലീസ് സമര വേദി ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് പൊലീസ് വേദിയിൽ നോട്ടീസ് പതിച്ച് മടങ്ങി. സമര വേദി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് സമരവേദിയിലേക്ക് എത്തിയത്. പൊലീസ് എത്തിയതോടെ സമര വേദി സമരക്കാർ വളഞ്ഞു. സമരം ചെയ്യുന്ന എല്ലാ കർഷകരോടും വേദിക്ക് അരികിലേക്ക് എത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios