Asianet News MalayalamAsianet News Malayalam

Farm laws| 'വാക്ക് മാത്രം പോരാ, രേഖ വേണം'; കര്‍ഷക സമരം തുടരാന്‍ തീരുമാനം

നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

Farmers Protest in delhi rallies to continue
Author
Delhi, First Published Nov 20, 2021, 3:48 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി.

താങ്ങ് വില ഉറപ്പാക്കാൻ നിയമം ഇല്ലാതെ സമരം നിര്‍ത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാൻ കിസാൻ കോർഡിനേഷൻ കമ്മറ്റി യോഗം സിംഘുവിൽ ചേര്ന്നത്. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ ചേരും. നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ വിജയമാകണമെങ്കിൽ ഈക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ദില്ലി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷക സംഘടനകൾ ഉന്നയിക്കുന്നു.

കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കര്‍ഷകരുടെ ആവശ്യമായിരുന്നു. ജനുവരിയിൽ കേന്ദ്രം എല്ലാ ചര്‍ച്ചകളിലും  ഈ ആവശ്യം കര്‍ഷക നേതാക്കൾ ഉയര്‍ത്തിയിരുന്നു. 2014 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്. അക്കാര്യത്തിലുള്ള ഉറപ്പുകൂടി വന്ന ശേഷമേ പിന്മാറുവെന്ന് കര്‍ഷകര്‍ പറയുമ്പോൾ കുറച്ച് ദിവസം കൂടി സമരം നീണ്ടുപോയേക്കാം. നവംബര്‍ 22 ന് ലക്നൗവിൽ മഹാപഞ്ചായത്തും  നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തിൽ വലിയ സമരക്കൂട്ടായ്മയും ട്രാക്ടര്‍ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങൾ പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നത്. 

ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ നന്മയ്ക്കായിട്ടായിരുന്നു നിയമങ്ങള്‍ കൊണ്ടു വന്നത്. ആത്മാര്‍ത്ഥതയടെ ചെയ്ത് കാര്യങ്ങള്‍ ചില കര്‍ഷകര്‍ തെറ്റിദ്ധരിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപോകണമെന്നും അഭ്യര്‍ത്ഥിച്ചു.

ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. 

നിയമം പിന്‍വലിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കേന്ദ്രം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുതന്നെയാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും രണ്ടഭിപ്രായമുയര്‍ന്നതും പിന്നോട്ടില്ലെന്ന നിലപാടെടുത്ത സര്‍ക്കാരിനെ രണ്ടാമതൊന്നാലോചിപ്പിച്ചു.

Follow Us:
Download App:
  • android
  • ios