358 ദിവസം, 719 മരണം; കര്‍ഷക സമരത്തെ കുറിച്ച് അറിയേണ്ടതെല്ലാം
നവംബര്‍ 26 ന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ സിഖ് മതസ്ഥരുടെ പ്രധാന ആരാധനാ ദിവസമായ ഗുരു നാനാക്ക് ജയന്തിയില്‍ (Guru Nanak Jayamthi) (19.11.'21) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും (farm laws) പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. 'ദില്ലി ചലോ' (Delhi Chalo)മാര്‍ച്ച് തുടങ്ങിയിട്ട് 365 ദിവസങ്ങളാകാന്‍ വെറും ഏഴ് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ പ്രധാനമന്ത്രി നിയമങ്ങള്‍ നിരുപാധികം പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. "വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അവകാശപ്പെട്ട അഖിലേന്ത്യ കിസാന്‍ സഭ (All India Kisan Sabha), നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മാറണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യം 1ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കിലല്ല മറിച്ച്, പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020; കർഷക ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്, കാർഷിക സേവന നിയമം 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം, 2020 എന്നീ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം. (വിവാദമായ കര്‍ഷക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതറിഞ്ഞ് സന്തോഷം പങ്കിടുന്ന സമരഭൂമിയിലെ കര്‍ഷകരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് അനന്തുപ്രഭ. തയ്യാറാക്കിയത് കെ. ജി ബാലു.)
2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്‍റെ ഓർഡിനൻസ് പാർലമെന്‍റിലെത്തുന്നത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിലും ശബ്ദ വോട്ടോടെ കര്‍ഷക നിയമം പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്‍റിലെ നടപടി. കര്‍ഷക നിയമങ്ങള്‍ പാസാക്കിയതിന് തൊട്ട് പിന്നാലെ പഞ്ചാബിൽ നിന്നും നിയമങ്ങള്‍ക്കെതിരെ ആദ്യ സമരമുണ്ടായി. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. ("അനീതി അനീതി, ന്യായം വേണം"; രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍ ) സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26ന് ' ദില്ലി ചലോ ' മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുക്കാനായി ദില്ലിയിലേക്ക് പതിനായിരക്കണക്കിന് കര്‍ഷകരാണ് എത്തിയത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ സമരത്തിനിറങ്ങി. സമരം ദില്ലി അതിര്‍ത്തിയില്‍ തടയപ്പെട്ടു.
കര്‍ഷകര്‍ വിവാദമായ നിയമങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലിയിലേക്ക് സമരം നയിച്ചപ്പോള്‍, ദില്ലി പൊലീസ് കര്‍ഷകരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല. പ്രധാന അതിര്‍ത്തികളായി ഗാസിപ്പൂര്‍, സിംഘു, തിക്രിത് എന്നീ അതിര്‍ത്തികളില്‍ റോഡുകള്‍ കോണ്‍ക്രിറ്റ് ചെയ്ത് അടച്ചു. കമ്പി വേലിയും കോണ്‍ക്രിറ്റ് പില്ലറുകളും അടക്കമുള്ള തടസങ്ങള്‍ നീക്കി അതിര്‍ത്തി കടക്കാന്‍ ആദ്യം കര്‍ഷകര്‍ ശ്രമിച്ചെങ്കിലും സമര നേതാക്കള്‍ ഇടപെട്ട് സമരക്കാരെ ശാന്തരാക്കി. ദില്ലിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം തുടങ്ങിയതോടെ പൊലീസ് അറസ്റ്റുമായി മുന്നോട്ട് നീങ്ങി. സമരത്തിന്‍റെ ആദ്യ ദിനം തന്നെ കര്‍ഷക സംഘടനാ നേതാവായ കൃഷ്ണപ്രസാദിനെയും ജിതേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകരുടെ മാര്‍ച്ചിന്‍റെ രണ്ടാം ദിവസം സംസ്ഥാനത്തെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ അറസ്റ്റ് ചെയ്യുന്ന കര്‍ഷകരെ പാര്‍പ്പിക്കാനായി താത്ക്കാലിക ജയിലുകളാക്കാന്‍ അനുവദിക്കണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. ഇത് പല ദിവസങ്ങളിലും സംഘര്‍ഷത്തിലേക്ക് നയിച്ചു. ( കര്‍ഷക സമരം മൂന്നാം ദിവസവും തുടരുന്നു ; അഞ്ച് ദിവസം കഴിഞ്ഞ് ചര്‍ച്ചയാകാമെന്ന് കേന്ദ്രം )
എന്നാല്‍ ദില്ലി പൊലീസിന്‍റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. അറസ്റ്റ് ചെയ്ത 100 ഓളം കര്‍ഷകരെ പല സ്ഥലത്തായി പൊലീസ് പാര്‍പ്പിച്ചു. ദില്ലി സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങളിലേക്കും സമരം വ്യാപിച്ചു. ജന്തര്‍മന്ദിറിലേക്കോ രാംലീലാ മൈതാനിയിലോ സമരം ചെയ്യാന്‍ അനുവദിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നിരാകരിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് ദില്ലി സംസ്ഥാന അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ വഴിയരികില്‍ തന്നെ കുടില്‍ കെട്ടി സമരം ശക്തമാക്കി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന് അന്നം തരുന്ന കര്‍ഷകരോട് നിഷേധാത്മക സമീപനം തുടര്‍ന്നു. ഇതോടെ കര്‍ഷകര്‍ ദില്ലി സംസ്ഥാനാതിര്‍ത്തികള്‍ അടച്ചു. സമരക്കാര്‍ ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ദില്ലി പൊലീസും സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ അര്‍ദ്ധസൈനീക വിഭാഗങ്ങളുമായും കര്‍ഷകര്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടു. സമര വേദികളില്‍ പാട്ടും സംഗീതവുമായി സമരക്കാര്‍ നിലയുറപ്പിച്ചു.
ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളുമായാണ് സമരത്തിനെത്തിയതെന്ന് സമരസമിതി പ്രഖ്യാപിച്ചു. കര്‍ഷക സമരനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ ചര്‍ച്ചകളാരംഭിച്ചു. എന്നാല്‍, വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതൊഴിച്ച് മറ്റെന്തിനും തയ്യാറാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കർഷകർ കൂടി വരും ദിവസങ്ങളില്‍ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചു. നവംബര്‍ 30 ആകുമ്പോഴേക്കും രണ്ടര ലക്ഷം കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരത്തിലാണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. അതിനിടെ പതിവ് മൻകി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തി. കർഷകരുമായി ആലോചിച്ച് കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിത്. കർഷകർക്ക് നിയമം മൂലം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും മോദി പറഞ്ഞു. അതോടൊപ്പം കര്‍ഷക സമരത്തെ ദുര്‍ബലപ്പെടുത്താന്‍ 'കാർഷിക നിയമം, കർഷക സൗഹൃദ' മെന്നമട്ടില്‍ താഴെ തട്ടിൽ പ്രചരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി അംഗങ്ങൾക്ക് നിര്‍ദ്ദേശം നൽകിയതായുള്ള വര്‍ത്തകളും പുറത്ത് വന്നു. (ദില്ലി ചലോ: ആശയ്ക്ക് വക നല്‍കാതെ സര്‍ക്കാര്‍; ദില്ലിയുടെ അതിര്‍ത്തി അടച്ച് കര്‍ഷകര്‍ )
രാജ്യത്തെ അഞ്ചൂറോളം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുന്ന സമരത്തില്‍ നിന്ന് 36 സംഘടനകളെ തെരഞ്ഞെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയത്. സമരം തുടങ്ങി ആറ് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, അമിത് ഷായുടെ ആവശ്യം ആദ്യമേ തള്ളിയ കര്‍ഷകര്‍, അമിത് ഷാ പറയുന്നിടത്തല്ല. തങ്ങള്‍ പറയുന്നിടത്ത് ഷാ എത്തണമെന്ന് നയം കടുപ്പിച്ചു. ലോകം മൊത്തം പടര്‍ന്ന് പിടിക്കുന്ന കൊവിഡിനെക്കാള്‍ ഭീഷണി സര്‍ക്കാറിന്‍റെ കര്‍ഷിക നിയമമാണെന്ന് സംഘടനകള്‍ ആരോപിച്ചു. ( ദില്ലി ചലോ; കൊവിഡിനെക്കാള്‍ ഭീഷണി സര്‍ക്കാറിന്‍റെ കര്‍ഷക നിയമമെന്ന് കര്‍ഷക സംഘടനകള്‍ )
ദില്ലിയിലെ വിഗ്യാൻ ഭവനിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തുന്ന ചർച്ചയില്‍ മിനിമം താങ്ങുവില ഉറപ്പുനൽകുന്ന തരത്തിൽ കർഷകനിയമ ഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനൽകാമെന്ന് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം നല്‍കി. എന്നാല്‍ പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നൽകുന്നതിലുമടക്കം, എട്ട് വീഴ്ചകൾ കർഷകർ ചൂണ്ടിക്കാണിച്ചു. ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാർഗനിർദേശവും ഇതുവരെയായും കേന്ദ്രകൃഷിമന്ത്രിയോ കർഷകവിദഗ്ധരോ മുന്നോട്ടുവച്ചില്ല. അതിനിടെ ഗുരുദ്വാരകളിലെ അടുക്കളയില്‍ (ലംഗാര്‍) നിന്നും സമരക്കാര്‍ക്കുള്ള ഭക്ഷണം എത്തിച്ച് തുടങ്ങി. ( ദില്ലി ചലോ ; നാളത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ രാജ്യവ്യാപക സമരമെന്ന് കര്‍ഷക സംഘടനകള്‍)
ഡിസംബര്‍ മാസത്തിലേക്ക് കര്‍ഷക സമരം കടന്നതോടെ രാജ്യാന്തര തലത്തില്‍ നിയമത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ആദ്യം വിവാദ ബില്ലിനെതിരെ അമേരിക്ക രംഗത്തെത്തിയെങ്കിലും കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റ് ആധിപത്യത്തിന് കളമൊരുക്കുന്ന ബില്ലിനെതിരെ പിന്നീട് അമേരിക്ക നിശബ്ദമായി. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുകെ പാര്‍ലമെന്‍റിലെ 36 എംപിമാര്‍ എന്നിവര്‍ രംഗത്തെത്തി. ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍റ് ഡവലപ്പ്മെന്‍റ് സെക്രട്ടറി ഡൊമനിക് റാബിന് എംപിമാര്‍ കത്തെഴുതി. പുതിയ കാര്‍ഷിക ബില്ലിനെ 'മരണ വാറന്‍റ്' എന്നാണ് കത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ പുറത്ത് നിന്നുള്ള ശക്തികളുടെ സഹായം ആവശ്യമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ( കര്‍ഷക സമരത്തിന് ബ്രിട്ടണില്‍ നിന്ന് പിന്തുണ; ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാരുടെ കത്ത് )
സമരം ശക്തമായതോടെ ദില്ലി അതിര്‍ത്തികളിലേക്ക് പഞ്ചാബില്‍ നിന്ന് നിഹാംഗുകളും എത്തിചേര്‍ന്നു. അകാലി (അനശ്വരന്മാര്‍) അഥവാ നിഹാംഗുകള്‍ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. ഗുരു ഹര്‍ഗോബിന്ദ് ആരംഭിച്ച 'അകാലി ദള്‍' (മരണമില്ലാത്ത സൈന്യം അഥവാ ദൈവത്തിന്‍റെ സൈന്യം) -ല്‍ നിന്ന് ഉണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകള്‍ എന്ന് കരുതുന്നു. നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ് എന്നിങ്ങനെ വസ്ത്രധാരണത്തില്‍ തന്നെ സായുധരാണ് നിഹാംഗുകള്‍. സ്വയാശ്രിതര്‍ കൂടിയാണ് നിഹാംഗുകള്‍. സമരഭൂമിയിലായാലും അവരവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ തന്നെ നിഹാഗുകള്‍ ചെയ്യുന്നു. സമരഭൂമിയില്‍ കുതിരപ്പുറത്ത് എത്തിയ നിഹാംഗുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ( ദില്ലി ചലോ; കര്‍ഷക സമരം കാക്കാന്‍ സിംഘുവില്‍ നിഹാംഗുകളും ) ഒടുവില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ സമരഭൂമിയില്‍ നിന്നും പിന്‍വാങ്ങിയാല്‍ കോടികള്‍ തരാമെന്ന വാഗ്ദാനം മുന്നോട്ട് വച്ചെന്ന് നിഹാംഗുകള്‍ പറഞ്ഞു. ഇത് എങ്ങനെയും സമരം പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമായി മാറി.
ഇതിനിടെ സമരഭൂമിയില്‍ നിന്ന് മതസൌഹാര്‍ദ്ദത്തിന്‍റെ ഗാഥകളുമെത്തി. മുസ്ലിം - സിഖ് സമുദായങ്ങള്‍ പരസ്പര സഹകരണത്തോടെ സമരഭൂമിയില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ രാജ്യമെങ്ങും പ്രചരിച്ചു. ( ദില്ലി ചലോ; സമരഭൂമിയില്‍ നിന്ന് ഒരു കരുതലിന്‍റെ കാവല്‍ ). സമരം ശക്തമായതോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ നീക്കം. സിപിഎം നേതാവ് കെ കെ രാഗേഷ് എംപി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരിൽ നിന്നും അറസ്റ്റ് ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്തയെ ഗുജറാത്തിൽ വച്ച് അറസ്റ്റ് ചെയ്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പിബി അംഗം സുഭാഷിണി അലി വീട്ടു തടങ്കലിലാണുള്ളതെന്ന് അറിയിച്ചു. തമിഴ്നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണിന്‍റെ വീടിന് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇങ്ങനെ രാജ്യവ്യാപകമായി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വീട്ടുതടങ്കലിലാണെന്ന അഭ്യൂഹമുയര്‍ന്നു. ( ദില്ലി ചലോ; കര്‍ഷക സമരം തകര്‍ക്കാന്‍ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍ )
സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇതുവരെ ദില്ലിയിലെ മൂന്ന് അതിര്‍ത്തികളില്‍ മാത്രമൊതുങ്ങിയിരുന്ന സമരം എല്ലാ അതിര്‍ത്തി റോഡുളിലേക്ക് വ്യാപിപ്പിക്കുവാനും ട്രയിനുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. ദില്ലി അതിര്‍ത്തിയിലെ സിംഘു അടക്കമുള്ള മൂന്ന് പാതകളും കര്‍ഷക സംഘടനകള്‍ അടച്ചു. ഇതിനിടെ കാര്‍ഷിക നിയമം കര്‍ഷകരുടെ ഗുണത്തിന് വേണ്ടിയാണെന്ന് വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി മോദി, രാജ്യദോഹ പ്രവര്‍ത്തകര്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞ് കയറിയതായി ആരോപിച്ചു. രാജ്യത്തിന്‍റെ പരമാധികാരം ഉൾപ്പടെ ചോദ്യം ചെയ്യുന്നവർ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് മാവോയിസ്റ്റ് ശക്തികൾ കർഷക സമരത്തിൽ നുഴഞ്ഞു കയറിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആരോപിച്ചു. (ദില്ലി ചലോ; രണ്ടാം ഘട്ട സമരത്തില്‍ ദില്ലിയിലേക്കുള്ള എല്ലാവഴികളും അടച്ച് കര്‍ഷകര്‍ )
സമരം 20-ാം ദിവസത്തിലേക്ക് കടന്നതോടെ, സമരം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ജനങ്ങളോട് മാപ്പ് ചോദിച്ചു. സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ദില്ലി, രാജസ്ഥാന്‍, ഹരിയാന അതിര്‍ത്തികളും കര്‍ഷക സംഘടനകള്‍ ഉപരോധിച്ചു. ഇതോടെ സംസ്ഥാനങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവ് നേരിട്ടു തുടങ്ങി. ദില്ലി നീവാസികളുടെ ദൈനംദിന ജീവിതത്തെ സമരം ബാധിച്ചുവെന്ന് മനസിലാക്കിയ സമരക്കാര്‍ ജനങ്ങളോട് നിരുപാധികം ക്ഷമ ചോദിക്കുകയായിരുന്നു. സമരവുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ' ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ.' കര്‍ഷകര്‍ ആവശ്യപ്പെട്ടു. ( ദില്ലി ചലോ; ജനങ്ങളോട് മാപ്പ് ചോദിച്ച്, ദില്ലി ഉപരോധിച്ച് കര്‍ഷക പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടം )
സമരം 23 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചെറിയ ഭൂമി കുലുക്കവും ദില്ലിയില്‍ രേഖപ്പെടുത്തി. അതിനിടെ കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് അടുത്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിങിന്‍റെ മൃതദേഹം സംസ്‍ക്കരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലായിരുന്നു സംഘടനകള്‍. സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരണം വരിക്കുകയായിരുന്നു. സമരത്തിനിടെ കടുത്ത തണുപ്പിലും മറ്റ് അപകടങ്ങളിലുമായി സമരം 23 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ 29 കര്‍ഷകരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ( ദില്ലി ചലോ; കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതിയെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി)
സമരം 27 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി. സിംഘു അതിര്‍ത്തിയിൽ സമരം നടത്തുന്ന കര്‍ഷകരാണ് സ്വന്തം രക്തത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തിൽ ആരോപിച്ചു. ആരുടെയെങ്കിലും അവകാശങ്ങളെ ഇല്ലാതാക്കുന്നത് പാപമാണെന്നാണ് ഗുരു നാനാക്ക് പറഞ്ഞിട്ടുള്ളതെന്നും സിഖ് ഗുരുദ്വാര സന്ദര്‍ശിച്ചിട്ടും പ്രധാനമന്ത്രിക്കത് മനസിലായെല്ലേയെന്നും കര്‍ഷകര്‍ തുറന്ന കത്തില്‍ ചോദിച്ചു. ( ദില്ലി ചലോ 27 -ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിക്ക് രക്തത്തില്‍ മുക്കി കത്തെഴുതി കര്‍ഷകര്‍ ) ഇതിനിടെ കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ആറോളം ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാറിന്‍റെ പിടിവാശിയെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. അതിനിടെ ദില്ലി അതിര്‍ത്തികളിലെ സമര പന്തലുകളില്‍ 11 പേര്‍ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങി. ഓരോ 24 മണിക്കൂറും കര്‍ഷക നേതാക്കള്‍ മാറി മാറി സമരം തുടരാനും തീരുമാനമായി. ഡിസംബര്‍ 23 ന് ബുധനാഴ്ച കര്‍ഷകരുടെ റിലേ സത്യാഗ്രഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു നേരത്തെ ഭക്ഷണമൊഴിവാക്കാന്‍ കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതിനിടെ പ്രധാനമന്ത്രി ഗുരുദ്വാര സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് കര്‍ഷകരെ പ്രത്യകിച്ചും പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പ്രകോപിപ്പിച്ചു. മന്‍ കി ബാത്തിന്‍റെ സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാനും കര്‍ഷക സംഘടനകള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
കര്‍ഷകരെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തി കടക്കുമെന്ന് കര്‍ഷകരും പറഞ്ഞു. എന്നാല്‍, ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്‍റേതെന്നും കര്‍ഷകന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്നും മഹാരാഷ്ട്രയിൽ നിന്ന് ബംഗാളിലേക്കുള്ള കിസാൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മോദി പറഞ്ഞു. അതിനിടെ പഞ്ചാബില്‍ മാത്രം ജിയോയുടെ 1,500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. അദാനിക്കും അംബാനിക്കും വേണ്ടിയാണ് വിവാദമായ കര്‍ഷക നിയമങ്ങളെന്ന് കര്‍ഷകര്‍ ആരോപിച്ചതിന് പിന്നാലെയാണ് പഞ്ചാബില്‍ ജിയോയ്ക്കെതിരെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. (കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ചര്‍ച്ച; പരാജയപ്പെട്ടാല്‍ ദില്ലി അതിര്‍ത്തി കടക്കുമെന്ന് കര്‍ഷകര്‍ )
സമരം ആരംഭിച്ച് 42 ദിവസങ്ങള്‍ കഴിഞ്ഞതോടെ കേന്ദ്രസര്‍ക്കാറിന് മാറ്റമില്ലെന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നൂറ് കണക്കിന് ട്രാക്ക്ടറുകളുമായി ദില്ലിക്ക് മാര്‍ച്ച് നടത്തി. പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഏതാണ്ട് 3,500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിന് മുന്നോടിയായ റിഹേഴ്സലാണ് ഇപ്പോള്‍ നടക്കുന്ന റാലിയെന്ന കര്‍ഷക സംഘടനകള്‍ അറിയിച്ചത്. അതിനിടെ ദില്ലി അതിര്‍ത്തികളില്‍ മഴയും മഞ്ഞും കടന്ന് കാലാവസ്ഥ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്നു. പക്ഷേ, മൈനസ് ഡിഗ്രി തണുപ്പിനും കര്‍ഷകരുടെ സമരവീര്യം ചോര്‍ത്താനായില്ല. അതിനിടെ സമരം 80 -ളം കര്‍ഷകര്‍ സമരത്തിനിടെ ദില്ലി അതിര്‍ത്തിയില്‍ മരിച്ചു വീണു. ഇവര്‍ സമരത്തിന്‍റെ രക്തസാക്ഷികളാണെന്ന് കിസാന്‍ മോര്‍ച്ചയുടെ പത്രകുറിപ്പില്‍ അറിയിച്ചു. (കര്‍ഷക സമരം; ദില്ലി ദേശീയ പാതയെ ഇളക്കി മറിച്ച് കർഷകരുടെ ട്രാക്ടർ റാലി )
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ദില്ലി വിഗ്യാൻ ഭവനില്‍ നടന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നവംബര്‍ 26 ന്, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെത്തിയിട്ട് 45 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. എട്ട് തവണ നടന്ന ചര്‍ച്ചകളിലും 'ഭേദഗതി മാത്രം' എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. ഒടുവില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ സമവായത്തിന് തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിച്ചോളാൻ കേന്ദ്രസർക്കാർ പ്രതിനിധികൾ പറഞ്ഞതായി കർഷകർ വ്യക്തമാക്കി. ( കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, കര്‍ഷകരോട് കോടതി കേറാന്‍ ആശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ )
വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തില്ലെങ്കില്‍, കോടതി നേരിട്ട് ചെയ്യുമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്നും നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സുപ്രീംകോടതി തന്നെ വിവാദ നിയമങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ നാല്പത്തിയാറ് ദിവസം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ ദേഭഗതി മാത്രം എന്ന് പറഞ്ഞ് കര്‍ഷകരെ കൊടും തണുപ്പില്‍ പെരുവഴിയില്‍ നിര്‍ത്തിയ കേന്ദ്രസര്‍ക്കാറിന് കോടതി നിര്‍ദ്ദേശം വന്‍ തിരിച്ചടിയായി. സുപ്രീംകോടതിയില്‍ നിയമം സ്റ്റേ ചെയ്യരുതെന്ന് നിലപാടില്‍ ഉറച്ച് കേന്ദ്രം ഉറച്ച് നിന്നെങ്കിലും കോടതി കര്‍ഷകര്‍ക്കൊമാണെന്ന നിലപാടെടുത്തു. സമരത്തിനെ നേരിടുന്നതില്‍ സര്‍ക്കാറിന്‍റെ ആദ്യ പരാജയമായി ഇത്. (കര്‍ഷക സമരം; സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ )
വിവാദമായ കര്‍ഷക നിയമങ്ങള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി പുതിയ നിയമത്തെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലംഗ സമിതിയുടെ പേര് നേരത്തെ നിശ്ചയിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ രണ്ടാം ദിവസത്തെ വാദത്തിനെത്തിയത്. ഭൂപീന്ദർ സിംഗ് മാൻ, ഡോ.പ്രമോദ് കുമാർ ജോഷി, അശോക് ഗുലാട്ടി, അനിൽ ഖനാവത്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ച നാലംഗ വിദഗ്ധ സമിതി. ഇവര്‍ വിവാദ കാര്‍ഷിക നിയമത്തെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ പഠിച്ച് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് മേല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമിതിക്കെതിരെ കോണ്‍ഗ്രസും കര്‍ഷക സംഘടനകളും രംഗത്തെത്തി. സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമിതി കേന്ദ്ര സര്‍ക്കാറിന്‍റെ സംഘമാണെന്നതായിരുന്നു ആരോപണം. ( കര്‍ഷക സമരം; സുപ്രീംകോടതി നിശ്ചയിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ )
സമരം 59 ദിവസം പിന്നിട്ടപ്പോള്‍ സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. സംഭവം വിശദീകരിച്ച നേതാക്കൾ ആക്രമിക്കാനെത്തിയ ആളെ അർധരാത്രിയോടെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടെത്തിയ ആളാണെന്ന് ഇയാൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് ഹരിയാനാ പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ഹരിയാന-ദില്ലി പൊലീസോ കേന്ദ്രസര്‍ക്കാരോ തയ്യാറായില്ല. (കര്‍ഷക സമരം; സമര നേതാക്കളെ ഇല്ലാതാക്കാന്‍ ഹരിയാനാ പൊലീസിന്‍റെ കൊലയാളി സംഘം ? )
റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. എന്നാല്‍ ബിജെപി അനുഭാവിയെന്ന് പിന്നീട് വ്യക്തമായ പഞ്ചാബി നടന്‍ ദീപ് സിദ്ദു കര്‍ഷക സമരം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണമുയര്‍ന്നു. ദില്ലി പോലീസിന്‍റെ 32 നിബന്ധിനകള്‍ അംഗീകരിച്ചായിരുന്നു കര്‍ഷകര്‍ മാര്‍ച്ചിന് തയ്യാറായത്. ആയിരക്കണക്കിന് അര്‍ദ്ധസൈനീക വിഭാഗങ്ങള്‍ റോഡുകള്‍ക്കിരുവശവും നിരന്ന് നിന്നതിനിടെ കര്‍ഷകര്‍ ദില്ലി ഹൃദയത്തിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ( റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി) , 62 ദിവസങ്ങള്‍ക്കിടെ 11 തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. ഇതിന് ശേഷമായിരുന്നു ദില്ലി മാര്‍ച്ച് തുടങ്ങിയത് തന്നെ എന്നാല്‍ മാര്‍ച്ചിനിടെ ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആളുകള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയും ചെങ്കോട്ടയില്‍ പാറിയിരുന്ന ദേശീയ പതാകയ്ക്ക് പകരം സിഖ് പതാക ഉയര്‍ത്തുകയും ചെയ്യ്തു. ഈ സംഭവത്തില്‍ രാജ്യം മൊത്തം ഞെട്ടല്‍ രേഖപ്പെടുത്തി. എന്നാല്‍, അത്തരമൊരു ആശയം തങ്ങളുടെതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സമരം തകര്‍ക്കാന്‍ ഉണ്ടാക്കിയ ഗൂഢാലോചനയാണെന്നും കര്‍ഷക നേതാക്കളും ആരോപിച്ചു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു പീന്നീട് പുറത്ത് വന്ന സംഭവങ്ങള്‍. ദീപ് സിദ്ദു അമിത് ഷായ്ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. (കര്‍ഷക സമരം തിരിച്ചുവിട്ട ദീപ് സിദ്ദു ആരാണ് ?)
ചെങ്കോട്ട സംഭവത്തിന് പിന്നാലെ ദില്ലി പൊലീസ് പരിശോധനയും നേതാക്കളെ അറസ്റ്റ് ചെയ്യുന്നതും ശക്തമാക്കി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ 25 കേസുകള്‍ കൂടി ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 35 കര്‍ഷക നേതാക്കള്‍ക്കെതിരെ കലാപത്തിന് പ്രേയരിപ്പിച്ച കുറ്റം ചുമത്തി. രാത്രിയില്‍ സമര ഭൂമിയിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് സായുധ പൊലീസ് സംഘത്തോടൊപ്പം ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ളവര്‍ സമരഭൂമിക്ക് സമീപം ക്യാമ്പ് ചെയ്തത് സംഘര്‍ഷ സാധ്യത സജീവമാക്കി. സംഭവം അറിഞ്ഞ് ഇടത് എംപിമാര്‍ സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും രാത്രി ഒരു മണിയോടെ പൊലീസ് പിരിഞ്ഞ് പോവുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ( കര്‍ഷക സമരം; അര്‍ദ്ധരാത്രിയില്‍ സമരവീഥി ഒഴിപ്പിക്കാന്‍ ദില്ലി പൊലീസ് )
കര്‍ഷകര്‍ നടത്തുന്ന സമരത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെതിരെ പാര്‍ലമെന്റിലേക്ക് ഇടത് എംപിമാരടക്കമുള്ള എംപിമാര്‍ മാര്‍ച്ച് നടത്തി. ഇടവേളകള്‍ക്ക് ശേഷം ഇന്നാണ് പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രസംഗം ബഹിഷ്കരിക്കാൻ കോൺഗ്രസും സിപിഎമ്മും സിപിഐയും ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നു. ( രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പാര്‍ലമെന്റിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച് )
സമരം 70 ദിവസം പിന്നിട്ടപ്പോള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് ഈ വർഷം ഒക്ടോബർ വരെ പരാമാവധി സമയം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ളില്‍ നിയമം പിന്‍വലിച്ചില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകൾ രാജ്യവ്യാപകമായി ട്രാക്ടർ റാലി നടത്തുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചു. ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ദില്ലിക്ക് ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകളില്‍ കമ്പിയില്‍ തീര്‍ത്ത അള്ളുകളും ബാരിക്കേഡും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയും കിടങ്ങുകള്‍ കുഴിച്ചും മീറ്ററുകളോളം പ്രതിരോധം തീര്‍ത്ത് ദില്ലി പൊലീസ് നിലയുറപ്പിച്ചപ്പോഴാണ് രാജ്യവ്യാപകമായി ട്രാക്ടറകള്‍ നിരത്തിലിറക്കുമെന്ന് ടിക്കായത്ത് പ്രഖ്യാപിച്ചത്. ( കര്‍ഷക സമരം; ഓക്ടോബറില്‍ 40 ലക്ഷം ട്രാക്ടറുകളുടെ രാജ്യവ്യാപക റാലിയെന്ന് രാകേഷ് ടിക്കായത്ത് )
ഇതിനിടെ സമരം 71 -ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ട്വിറ്റര്‍ ഹാഷ്ടാഗിലൂടെ ഇന്ത്യയിലെ കര്‍ഷക സമരം അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധേയമായി. പോപ് ഗായികയായ റിഹാനയുടെ " why aren't we talking about this?! #FarmersProtest " എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാറില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതൊന്നുമല്ല. അന്താരാഷ്ട്രാ തലത്തില്‍ സമരത്തെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന കൌമാരക്കാരി ഗ്രേറ്റാ തുംബര്ഗ്ഗും രംഗത്തെത്തി. എന്നാല്‍, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് പ്രഖ്യാപിച്ച് അമിത് ഷാ #IndiaTogether #IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകള്‍ക്ക് തുടക്കം കുറിച്ചു. ( '#ഹാഷ്ടാഗു'കളില്‍ കത്തിപ്പിടിച്ച് അന്താരാഷ്ട്ര വിഷയമായി കര്‍ഷക സമരം ) ഇതോടെ ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ ഒരു വിഭാഗം കേന്ദ്രസര്‍ക്കാറിന് പിന്നില്‍ അണിനിരക്കുകയും 'ഇന്ത്യയുടെ ഐക്യത്തിന് പുറത്തുനിന്നുള്ള താങ്ങ് ആവശ്യമില്ലെന്ന' ശക്തമായ സന്ദേശം പങ്കുവെക്കുകയും ചെയ്തു. സച്ചിന് ടെന്റുല്‍ക്കറും ഈ ഹാഷ്ടാഗിന്റെ ഭാഗമായതോടെ ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ ജനത ക്രിക്കറ്റ് ദൈവത്തിനെതിരെ ശക്തമായ നിലയുറപ്പിച്ചു. അദ്ദേഹത്തിനെതിരെ നിരവധി ട്രോളുകളും ഇറങ്ങി. ( ഒറ്റ ട്വീറ്റില്‍ ട്രോളന്മാര്ക്ക് ഇരയായി ക്രിക്കറ്റ് ദൈവം; കാണാം കര്‍ഷക സമര ട്വീറ്റുകളുടെ ട്രോളുകള്‍ )
സമരവേദികളെ ഒറ്റപ്പെടുത്തുന്ന ദില്ലി പൊലീസ് തന്ത്രത്തിനെതിരെ രാജ്യവ്യാപകമായി ദേശീയ പാതകളും സംസ്ഥാന പാതകളും ഫെബ്രുവരി ആറിന് ഉപരോധിക്കുമെന്ന് (Chakka Jam) കര്‍ഷകര്‍ അറിയിച്ചു. ഉപരോധത്തിനിടെ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ അതിര്‍ത്തി കടന്ന് ദില്ലിയിലേക്ക് കടക്കാതിരിക്കാനായി 50,000 സായുധ സൈനീകരെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു. ദില്ലി അതിര്‍ത്തിയില്‍ നിന്നും മൂന്നും നാലും കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയും ബാരിക്കേടുകളും കോണ്‍ക്രീറ്റ് ബീമുകളും നിരത്തി അതിസുരക്ഷയാണ് ദില്ലി പൊലീസ് ഒരുക്കിയിരിക്കുന്നത്. (രാജ്യവ്യാപക ദേശീയപാത ഉപരോധവുമായി; ദില്ലി അതിര്‍ത്തിയില്‍ 50,000 സൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍ )
സമരത്തിന്‍റെ 85 ദിവസം രാജ്യവ്യപകമായി ട്രെയിന്‍ തടയല്‍ (റെയില്‍ രഖോ) സമരവുമായി കര്‍ഷകര്‍ രംഗത്തെത്തി. ( ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍; ഉത്തരേന്ത്യയില്‍ റെയില്‍വേ സര്‍വ്വീസ് നിശ്ചലമായി ) റെയില്‍ വേ ഗതാഗതം നിശ്ചലമായി. ഒരു മാസം സമരം ചെയ്യേണ്ടിവന്നാലും പിന്മാറില്ലെന്ന് പറഞ്ഞ് എത്തിയ കര്‍ഷകര്‍ 100 ദിവസം ദില്ലി അതിര്‍ത്തികളില്‍ പിന്നിട്ടു. കുടുംബവുമായി എത്തിയ കര്‍ഷകര്‍ ഇതിനിടെ കുട്ടികളുടെ പഠനത്തിനും മറ്റും സമരസ്ഥലത്ത് തന്നെ സൌകര്യമൊരുക്കി. കൊവിഡ് പരിശോധനയും ചികിത്സയ്ക്കും മറ്റുമുള്ള സൌകര്യങ്ങള്‍ കര്‍ഷകര്‍ തന്നെ ഒരുക്കി. ( നൂറാം നാള്; അടിച്ചമര്‍ത്തലുകള്‍ക്കിടയിലും അണയാതെ കര്‍ഷക പ്രക്ഷോഭം ) റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്നും ഇവര്‍ വീടുകളിലെത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകൾ ആരോപിച്ചു. എന്നാല്‍ ഇവര്‍ കസ്റ്റഡിയിൽ ഇല്ലെന്നാണ് ദില്ലി പൊലീസ് അറിയിച്ചു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച നിരവധി പേര്‍ക്ക് ഇഡിയും, എന്‍ഐഎ അടക്കമുള്ള ഏജന്‍സികളും നോട്ടീസയച്ചു. ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകരായ സംവിധായകന് അനുരാഗ് കശ്യപ്, നടി തപസി പന്നു എന്നിവരുടെ വീടുകളില്‍ ഐടി റെയ്ഡും നടന്നു.
സമരം ഏഴ് മാസം പിന്നിട്ടപ്പോള്‍ സമരഭൂമിയില്‍ 502 കര്‍ഷകര്‍ മരിച്ചെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ കണക്കുകള്‍ ലഭ്യമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മറുപടി. ( കര്‍ഷക പ്രക്ഷോഭം; ഹരിയാന രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസും കര്‍ഷകരും ഏറ്റുമുട്ടി ) അതിനിടെ ഹരിയാന രാജ്ഭവനിലേക്ക് നടന്ന കര്‍ഷകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാവുകയം കര്‍ഷകരും പൊലീസും നേര്‍ക്ക് നേരെ ഏറ്റുമുട്ടുകയും ചെയ്തു. 12 തവണ കേന്ദ്രസര്‍ക്കാറും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ചര്‍ച്ചകളിലെല്ലാം സര്‍ക്കാര്‍ ഭക്ഷണം പോലും നിഷേധിച്ച കര്‍ഷക നേതാക്കള്‍ ഗുരുദ്വാരകളില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചിരുന്നതെന്നുള്ള വാര്‍ത്തകളും വന്നു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പ്പിക്കുമെന്ന് ബികെയും നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. (യുപിയിൽ ബിജെപിയെ കെട്ടുകെട്ടിക്കുമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ) അതിനായി എല്ലാം സംസ്ഥാനങ്ങളിലും മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ക്കുമെന്നും ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്തുകളില്‍ അഞ്ച് ലക്ഷം വരെയുള്ള കര്‍ഷകര്‍ പങ്കെടുത്തതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു. തെരഞ്ഞെടുപ്പില്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ബിജെപിയും തിരിച്ചടിച്ചു. എന്നാല്‍, ആദിത്യനാഥിന്റെ യുപിയിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രാദേശിക ജനങ്ങള്‍ തിരിഞ്ഞെന്ന വാര്‍ത്തകളും പുറത്ത് വന്നു. പല പഞ്ചായത്തുകളിലും ബിജെപി നേതാക്കള്‍ക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടതായും വാര്‍ത്തകള്‍ വന്നു.
ലംഖിംപൂര്‍ ഖേരിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പങ്കെടുക്കാനിരുന്ന പരിപാടിയിലേക്ക് കര്‍ഷകര്‍ ഇരച്ചെത്തിയത് സംഘര്‍ഷത്തിനിടയാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയും കൂട്ടാളികളും ചേര്‍ന്ന് പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ വണ്ടിയോടിച്ച് കയറ്റി. ഇതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ സംഭവ സ്ഥലത്ത് മരിച്ചു. സംഭവത്തില്‍ പ്രകോപിതരായ കര്‍ഷകര്‍ ബിജെപിക്കാര്‍ എത്തിചേര്‍ന്ന ഒരു വണ്ടിക്ക് തീയിട്ടു. ഈ സംഭവത്തിലും നാല് പേര് മരിച്ചു. സംഘര്‍ഷത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകനും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ ഒമ്പത് പേര് ലംഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടു. ( യുപിയില്‍ ഒമ്പത് മരണം; സംഭവ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് വിലക്കും അറസ്റ്റും ) സംഭവം അന്വേഷിക്കാന്‍ പോയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളെയെല്ലാം യുപി സര്‍ക്കാര്‍ പല സ്ഥലത്ത് നിന്നായി അറസ്റ്റ് ചെയ്തു. പ്രിയങ്കാ ഗാന്ധിയെ വീട്ടുതടങ്കലിലാക്കി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടു. ഒടുവില്‍ കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് ആശിഷ് മിശ്രയെ യുപി സര്‍ക്കാറിന് അറസ്റ്റ് ചെയ്യേണ്ടിവന്നു.
ലംഖിംപൂര്‍ ഖേരിയിലെ സംഭവങ്ങളുടെ അലയൊലി അടങ്ങിത്തുടങ്ങിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (19.11.21) പകല്‍ കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നും. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ( Farm Law| 'കർഷക വിജയം', കേന്ദ്ര സർക്കാർ മുട്ടുമടക്കി, കാർഷിക നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി ) എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. വരാനിരിക്കുന്ന യുപി, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ അത് ബിജെപിക്കും പ്രത്യേകിച്ച് നരേന്ദ്രമോദിക്കും വലിയ തിരിച്ചടിയാകും. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കാര്യമെന്തായാലും പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാന്‍ കൊള്ളില്ലെന്നായിരുന്നു കര്‍ഷകരുടെ ആദ്യ പ്രതികരണം. ( 'പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് കര്‍ഷകര്‍'; പാര്‍ലമെന്റില്‍ നിയമം റദ്ദാക്കുംവരെ സമരം ) വിവാദ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിച്ച ശേഷം മാത്രമേ സമരം നിര്‍ത്തൂവെന്ന് രാഗേഷ് ടിക്കായത്ത് പറയുന്നു. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന 26.22.'21 വരെ കര്‍ഷകര്‍ സമരഭൂമിയില്‍ തന്നെ തുടരുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന സിംഘുവിലെ സമരഭൂമിയില്‍ എല്ലാ ദിവസവും പുതിയ കണക്കുകള്‍ എഴുതുന്ന ഒരു ബോര്‍ഡ് ഉണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
26 Nov, 2020 - 19 Nov, 2021
11 Months - 24 days
Days - 358
Deaths - 719
Hours - 8592 +
Minutes - 515520 +
Seconds - 30931200+
Serving Humanity 8,10,00,09,600
അതെ, രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് വേണ്ടി ഉണ്ടാക്കിയതെന്ന് സര്‍ക്കാര്‍ 'നാഴികയ്ക്ക് നാല്‍പ്പത് വട്ടം' ഉയര്‍ത്തിപ്പിടിച്ച, വിവാദമായ മൂന്ന് നിയമങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ചെലവഴിച്ച സമയവും ജീവിതവും കുറിക്കുന്ന കണക്കുകള്‍.
അപ്പോഴും ബിജെപി ഉയര്‍ത്തിയ ഒരു ചോദ്യമുണ്ട്. ' കര്‍ഷകരെല്ലാം സമരസ്ഥലത്ത്, എന്നിട്ടും ഇന്ത്യയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ക്ഷാമമില്ല. അതായത്, കര്‍ഷകരല്ല സമരമുഖത്തുള്ളത്. കര്‍ഷകര്‍ സമരമുഖത്താണെങ്കില്, ആരാണ് കൃഷി ചെയ്യുന്നത് ?' പ്രസക്തമെന്ന് തോന്നാവുന്ന ചോദ്യം. ആ ചോദ്യത്തിനുത്തരമാണ് മൊഹാലിയില്‍ നിന്നുള്ള പി ആര് സുനിലിന്റെ റിപ്പോര്‍ട്ട്. കാണാം.