ദില്ലി: ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കെതിരെ കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി. കർഷക നിയമങ്ങളെ അനുകൂലിക്കുന്ന സംഘടനകളെ കൂട്ടിച്ചേർത്ത് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിക്കൊരുക്കിയ വേദിയിൽ സംഘർഷം ഉണ്ടായി. വേദി തകർത്തു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുഖ്യമന്ത്രിയെത്തുന്നത് സുരക്ഷിതമാകില്ലെന്ന് അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെത്തില്ലെന്നും പരിപാടി റദ്ദാക്കിയതായും ഓഫീസ് അറിയിക്കുകയായിരുന്നു.

നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറിൽ കിസാൻ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. പ്രതിഷേധിക്കാനെത്തിയവർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തി ചാര്‍ജ്ജും ഉണ്ടായി. ഇതോടെ  പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറി. എന്നാൽ വേദി തകർത്തതിൽ കർഷക സംഘടനകൾക്കോ സമരം ചെയ്യുന്ന കർഷകർക്കോ പങ്കില്ലെന്ന് കർഷകർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മറ്റു ചിലരാണ് വേദി തകർത്തതെന്ന് കർഷക സംഘടനകൾ ആരോപിച്ചു.  

അതേ സമയം കേന്ദ്രസർക്കാരുമായി ഒമ്പതാം വട്ട ചർച്ചയിൽ പങ്കെടുക്കുന്നതിൽ കർഷകരുടെ നിർണ്ണായക തീരുമാനം ഇന്നുണ്ടാകും. ക‍ർഷകസംഘടനകൾ സിംഘുവിൽ യോഗം ചേരും. എട്ടു ചർച്ചകളും പരാജയപ്പെട്ടതോടെ സ‍ർക്കാരുമായി ഇനി സഹകരിക്കണോ എന്നുൾപ്പെടെയുള്ള വിഷയങ്ങളാണ് യോഗത്തിന്റെ അജണ്ടയിലുള്ളത്. സിംഘുവിൽ ചേരുന്ന യോഗത്തിൽ സമരസമിതിയിലെ എല്ലാ സംഘടനകളും പങ്കെടുക്കണമെന്ന് നി‍ർദ്ദേശമുണ്ട് .കഴിഞ്ഞ ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ച സാഹചര്യത്തിൽ  സമരരീതിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചർച്ച നടക്കും.