Asianet News MalayalamAsianet News Malayalam

വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു, അതിർത്തിയിൽ വൻ പൊലീസ് സന്നാഹം; കർഷക നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഒഴിഞ്ഞ് പോകില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ഒഴുപ്പിക്കാൻ വന്നാൽ അപ്പോൾ നോക്കാമെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു

Farmers protest india delhi police updates
Author
Delhi, First Published Jan 28, 2021, 4:28 PM IST

ദില്ലി: റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളിൽ കർഷക നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. 20 കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുമെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നതിന്റെ സൂചനകളാണ് അതിർത്തികളിൽ നിന്നും ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചു.

സമര വേദിയിൽ നിന്നും കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലേക്കാണ് പൊലീസ് നീങ്ങുന്നതെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ചേർന്ന ദില്ലി പൊലീസിന്റെ അടിയന്തര യോഗം പുരോഗണിക്കുകയാണണ്. പൊലീസ് കമ്മീഷണർ, ഇന്റലിജൻസ് ഐ ജി ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 

അതിനിടെ  ഒരു സംഘം ആളുകൾ കർഷകരെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഒഴിഞ്ഞ് പോകില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ഒഴുപ്പിക്കാൻ വന്നാൽ അപ്പോൾ നോക്കാമെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു. സമര സ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ചിരിക്കുകയാണെന്നും അത് പുനസ്ഥാപിച്ചില്ലെങ്കിൽ ഗാസിപ്പൂരിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുമെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios