ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ദില്ലി അതിർത്തികളിലെ കർഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സർക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഇതിനിടെ സംഘർഷമുണ്ടായ ഹരിയാനയിലെ ഹിസാറിൽ വിവിധയിടങ്ങളിൽ കർഷകർ ഉപരോധം തുടരുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം കാർഷികനിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷകർ. ദില്ലി അതിർത്തികളിൽ കർഷകരുടെ സമരം ഈ  മാസം 26ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സർക്കാരിന്റെ ഏഴാം വാർഷികവും. ഈ സാഹചര്യത്തിലാണ് 26ാം തീയ്യതി കരിദിനമായി പ്രഖ്യാപിക്കാൻ സംഘടനകൾ തീരുമാനിച്ചത്. പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും മോദി സർക്കാരിന്റെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ. കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.

സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു. നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്റെ തീയ്യതി ഉടൻ പ്രഖ്യാപിക്കും. അതേസമയം ഹരിയാന മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഞാറാഴ്ച്ച സംഘർഷം നടന്ന ഹിസാറിൽ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. ഹിസാറിലെ ടോൾ പ്ലാസകളും പ്രധാനറോഡുകളും കർഷകർ ഉപരോധിക്കുകയാണ്. ബിജെപി-ജെജെപി നേതാക്കളെ പ്രദേശത്ത് വരാൻ അനുവദിക്കില്ലെന്നാണ് കർഷകരുടെ പ്രഖ്യാപനം. സമരത്തിന് പിന്തുണയുമായി അംബാല, യമുനനഗർ, കർണാൽ എന്നിവിടങ്ങളിൽ നിന്ന് കർഷകർ എത്തുന്നുണ്ട്. ഞായറാഴ്ച്ചത്തെ സം‌ഘർഷത്തിനിടെ അറസ്റ്റിലായവരെ കർഷകരുടെ ഐജി ഓഫീസ് ഉപരോധത്തെ തുടർന്ന് പൊലീസ് വിട്ടയച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona