Asianet News MalayalamAsianet News Malayalam

ഇനിയെന്ത്? കർഷകസംഘടനകളുടെ യോഗം ഇന്ന്, പഞ്ചാബ് സുപ്രീംകോടതിയിൽ

സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള അമരീന്ദർ സിംഗ് എന്ന കർഷകനാണ് ജീവനൊടുക്കിയത്. സുപ്രീംകോടതി കർഷകനിയമങ്ങൾക്കെതിരായ ഹർജി നാളെ പരിഗണിക്കും. 

farmers protest organisation to conduct discussions on the future of protests
Author
New Delhi, First Published Jan 10, 2021, 11:04 AM IST

ദില്ലി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കർഷക സംഘടനകളുടെ നിർണായക യോഗം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു. ജനുവരി 26-ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ മാർച്ച് സംബന്ധിച്ചുള്ള വിലയിരുത്തലും ചർച്ചയിൽ ഉണ്ടാകും. മകരസംക്രാന്തിദിനം കർഷകനിയമത്തിന്‍റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിക്കാനും കർഷകസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം, കാർഷികനിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നാളെത്തന്നെ ഹർജി സമർപ്പിക്കുമെന്നും പഞ്ചാബ് സർക്കാർ വ്യക്തമാക്കി. ഇനി എല്ലാം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഒമ്പതാംവർട്ടചർച്ച ജനുവരി 15-ന് നടക്കാനിരിക്കേ, ഇരുപക്ഷവും സമവായത്തിനോ ഒത്തുതീർപ്പിനോ വഴങ്ങാത്ത സാഹചര്യത്തിലാണിത്. 

കൊടുംതണുപ്പിൽ ദില്ലിയുടെ അതിർത്തിയിൽ കർഷകസമരം നാൽപ്പത്തിയാറാം ദിവസവും തുടരുമ്പോൾ, കേന്ദ്രസർക്കാർ കടുംപിടിത്തം തുടരാൻ തന്നെയാണ് തീരുമാനം. ചർച്ചകളിൽ നിയമം പിൻവലിക്കണമെന്ന ആവശ്യത്തോട് ഒട്ടും അനുകൂലനിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എട്ടാംവട്ടചർച്ചയും പരാജയമായിരുന്നു. സമരം തീർക്കാൻ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.  

41 സംഘടനകളാണ് നിലവിൽ ദില്ലിയുടെ അതിർത്തിയിൽ നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സമിതി കോടതി നിർദേശപ്രകാരം രൂപീകരിച്ചാൽ സമരത്തിൽ ഇല്ലാത്ത സംഘടനകളും സമിതിയിൽ വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടും. സർക്കാരിനെ അനുകൂലിക്കുന്ന സംഘടനകളെയും ഈ സമിതിയിലേക്ക് അങ്ങനെ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്.

നിയമങ്ങളിൽ ചർച്ച നടത്താൻ സമിതി രൂപീകരിക്കുകയടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ ഇതിൽ ധാരണ രൂപീകരിക്കാൻ ഇനിയും വൈകുമെന്നുറപ്പാണ്. കേന്ദ്രസർക്കാരിന് അത്രയും സമയം നീട്ടിക്കിട്ടുന്നു. അടുത്ത പാർലമെന്‍റ് സമ്മേളനം വരെ ഇക്കാര്യത്തിൽ ധാരണയാകാൻ സാധ്യതയില്ലെന്ന് ചുരുക്കം. അത്ര കാലം ഈ കൊടുംതണുപ്പിൽ ഈ സമരം എങ്ങനെ നീട്ടിക്കൊണ്ടുപോകാനാകുമെന്ന ആശങ്ക പതുക്കെ കർഷകസമരനേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ, സമരം ശക്തമായി തുടരുമെന്ന് തന്നെ അവർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബിൽ നിന്നുള്ള അമരീന്ദർ സിംഗ് എന്ന കർഷകനാണ് ജീവനൊടുക്കിയത്. 

ഇതിനിടെ, മകര സംക്രാന്തി ദിനത്തിൽ കാർഷിക ബില്ലുകൾ കത്തിച്ച് ഉത്സവം ആഘോഷിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. നടി സ്വര ഭാസ്കർ അടക്കമുള്ളവർ ഇന്നലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സിംഗുവിലെ സമരപ്പന്തലിൽ എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios