Asianet News MalayalamAsianet News Malayalam

'നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത്', മോദിയുടെ ഗുരുദ്വാര സന്ദർശനത്തിനെതിരെ കർഷകർ

തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു. 

farmers response against pm narendra modis gurudwara visit
Author
Delhi, First Published Dec 20, 2020, 11:44 AM IST

ദില്ലി: കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു. 

രാജ്യതലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതിനാൽ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. സമരം ചെയ്യുന്ന സിഖ് കർഷകനെ തണുപ്പിക്കാനാണ് മോദിയുടെ നീക്കമെന്ന വിമശനം ഉയരുന്നുണ്ട്. സന്ദർശനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

അതേസമയം, ദില്ലിയിലെ കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios