ദില്ലി: ബുറാഡിയിൽ  പൊലീസ് അനുവദിച്ച നിരംകാരി മൈതാനത്തേക്ക് പോകാതെ ദില്ലി അതിർത്തികളിൽ പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഇതിനകം ബുറാഡിയിൽ എത്തിയ കർഷകർ അവിടെ തുടരും. മൂന്നാം ദിവസവും ദില്ലി അതിർത്തികൾ സ്തംഭിച്ചു. പൊലീസും സമരക്കാരും ഏറ്റുമുട്ടി സംഘർഷഭരിതമായിരുന്നു ദില്ലി അതിർത്തികളിൽ ഇന്നലെ കണ്ട കാഴ്ച. പൊലീസിന്‍റെ സമവായ നീക്കം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ വടക്കൻ ദില്ലിയിലെ ബുറാഡിയിലുള്ള മൈതാനത്തേക്ക് ഇന്നലെ രാത്രി പോയി. എന്നാൽ അത് അംഗീകരിക്കാതെ  ആയിരക്കണക്കിന് കർഷകർ ഇപ്പോഴും ദില്ലി അതിർത്തികളിൽ തുടരുകയാണ്. 

പാർലമെന്‍റ് പരിസരത്തെ ജന്തർമന്ദിറോ, രാംലീലാ മൈതാനമോ ആണ് ഇവരുടെ ലക്ഷ്യം. അത് അനുവദിക്കും വരെ അതിർത്തികളിൽ തന്നെ തുടരും. പ്രതിരോധിക്കാൻ പൊലീസും കനത്ത ജാഗ്രതയിലാണ്. ദില്ലി അതിർത്തികളിൽ ഇന്നും വാഹന ഗതാഗതം സ്തംഭിച്ചു. ഡിസംബർ 3ന് കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായ  സാഹര്യത്തിൽ സമ്മർദ്ദം ശക്തമാക്കി മുന്നോട്ടുപോവുക തന്നെയാണ് കർഷകരുടെ ലക്ഷ്യം. ബുറാഡി മൈതാനത്ത് എത്തിയ കർഷകർ അവിടെയും സമരം തുടങ്ങി. രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴത് അനിശ്ചിതകാല സമരമായി മാറുകയാണ്. 

മാസങ്ങൾ തങ്ങി സമരം നയിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് കർഷകർ എത്തിയിരിക്കുന്നത്. കർഷക പ്രക്ഷോഭം ശക്തമാകുമ്പോഴും എന്തെങ്കിലും വിട്ടുവീഴ്ച എന്ന സൂചനപോലും സർക്കാർ നൽകുന്നില്ല. കാർഷിക നിയമം കർഷക സൗഹൃദമെന്ന പ്രചരണം താഴെ തട്ടിൽ ശക്തമാക്കാൻ പ്രധാനമന്ത്രി ബിജെപി അംഗങ്ങൾക്ക് നൽകി.