Asianet News MalayalamAsianet News Malayalam

പ്രക്ഷോഭം 36ാം ദിവസത്തിലേക്ക്, കടുത്ത അമർഷത്തിൽ കർഷകർ; പുതുവത്സരാഘോഷം പ്രതിഷേധമാക്കും

നിയമങ്ങൾ പിൻവലിക്കാതെ തിരികെ പോകുമെന്ന് ആരും കരുതേണ്ടെന്നാണ് അശോക് കുമാർ സിങ്ങ് എന്ന കർഷക നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്

Farmers to celebrate new year eve with protest in Delhi
Author
Delhi, First Published Dec 31, 2020, 6:34 AM IST

ദില്ലി: കർഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാൽ കർഷകർ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ.

നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കേന്ദ്രത്തിനെതിരെ കടുത്ത അമർഷത്തിലാണ് സിംഗുവിലെ സമരക്കാർ. നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചതോടെ കർഷകർ സിംഗുവിൽ ഇന്നലെ രാത്രിയിലും പ്രകടനം നടത്തി. ഇന്ന് നടക്കുന്ന പുതുവത്സരാഘോഷം മോദി സർക്കാരിനെതിരായ പ്രതിഷേധമാക്കി മാറ്റാനാണ് തീരുമാനം.

നിയമങ്ങൾ പിൻവലിക്കാതെ തിരികെ പോകുമെന്ന് ആരും കരുതേണ്ടെന്നാണ് അശോക് കുമാർ സിങ്ങ് എന്ന കർഷക നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പുതുവത്സരാഘോഷത്തിനൊപ്പം പ്രതിഷേധവും നടത്തുമെന്ന് മറ്റൊരു നേതാവായ സുർവേന്ദർ സിങും വ്യക്തമാക്കി. ഹരിയാനയിലെ കുരുക്ഷേത്രത്തിൽ നിന്നുള്ള അശോക് കുമാർ സിങ്ങ്  ഉൾപ്പെടെയുള്ള കർഷകർ  ആറാം വട്ട  ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിച്ചത്. ചർച്ച തുടങ്ങിയത്  മുതൽ ചാനലുകൾക്ക് മുന്നിലായിരുന്നു പലരും. എന്നാൽ ഇത്തവണയും തീരുമാനാമാകാതെ വന്നതോടെ കടുത്ത ഭാഷയിലാണ് കേന്ദ്ര സർക്കാരിനെ ഇവർ വിമർശിക്കുന്നത്. കർഷകർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് സമരഭൂമിയിൽ പ്രകടനം നടത്തി. ചർച്ചയ്ക്ക് വിളിച്ച് കളിയാക്കുകയാണ് കേന്ദ്രമെന്ന് കർഷകർ പറയുന്നു.

Follow Us:
Download App:
  • android
  • ios