Asianet News MalayalamAsianet News Malayalam

'വായ്പ എഴുതിത്തള്ളുന്നതിനായി കർഷകർ വരൾച്ച ആ​ഗ്രഹിക്കുന്നു'; വിവാദ പരാമർശവുമായി കർണാടക മന്ത്രി 

മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. കർഷക ആത്മഹത്യയെക്കുറിച്ച് പാട്ടീൽ മുൻകാലങ്ങളിൽ ധിക്കാരപരമായ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും വിജയേന്ദ്ര വ്യക്തമാക്കി.

Farmers wish for droughts to get loans waived off: Karnataka minister Shivanand Patil sparks row
Author
First Published Dec 25, 2023, 6:54 PM IST

ബെംഗളൂരു: കടം എഴുതിത്തള്ളാൻ കർഷകർ വരൾച്ച ആ​ഗ്രഹിക്കുന്നതായി കർണാടക പഞ്ചസാര, കൃഷി വിപണന മന്ത്രി ശിവാനന്ദ് പാട്ടീൽ. മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രം​ഗത്തെത്തി. കൃഷിമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.  ശിവാനന്ദ് പാട്ടീലിനോട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി ആവശ്യപ്പെടണമെന്നും ബിജെപി പറഞ്ഞു. 

ആത്മഹത്യ ചെയ്ത കർഷകരുടെ ബന്ധുക്കൾക്ക് നൽകുന്ന നഷ്ടപരിഹാര തുക 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയതിന് പിന്നാലെയാണ് കർഷക ആത്മഹത്യകൾ വർധിക്കാൻ തുടങ്ങിയെന്ന പ്രസ്താവന നേരത്തെ ശിവാനന്ദ് പാട്ടീൽ നടത്തിയിരുന്നു. പിന്നാലെയാണ് പുതിയ വിവാദം. ഞായറാഴ്ച ബെലഗാവിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പാട്ടീലിന്റെ വിവാദ പരാമർശം. കൃഷ്ണാ നദീജലം സൗജന്യമാണ്. വൈദ്യുതിയും സൗജന്യമാണ്. മുഖ്യമന്ത്രി വിത്തും വളവും നൽകി. കർഷകർ വീണ്ടും വരൾച്ച ഉണ്ടാകണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

കാരണം അവരുടെ വായ്പകൾ എഴുതിത്തള്ളും. മൂന്ന്-നാലു വർഷത്തിലൊരിക്കൽ വരൾച്ച വരുമെന്ന് നിങ്ങൾ ആഗ്രഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഏറ്റവും രൂക്ഷമായ വരൾച്ചയിൽ വലയുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടക്കാല വായ്പകളുടെ പലിശ എഴുതിത്തള്ളൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില മുഖ്യമന്ത്രിമാർ വായ്പകൾ എഴുതിത്തള്ളി. കർഷകർ ദുരിതത്തിലാകുമ്പോൾ സർക്കാർ അവരെ സംരക്ഷിക്കും. എന്നാൽ എക്കാലവും ഇത് ചെയ്യാൻ പ്രയാസമാണ്. ഈ മുൻകരുതലുകളോടെ മുന്നോട്ട് പോയാൽ നമുക്ക് മികച്ച ഭാവിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. കർഷക ആത്മഹത്യയെക്കുറിച്ച് പാട്ടീൽ മുൻകാലങ്ങളിൽ ധിക്കാരപരമായ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും വിജയേന്ദ്ര വ്യക്തമാക്കി. പാട്ടീൽ സ്വയം രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. രാജ്യത്തെ പോറ്റുന്ന കർഷകർക്കെതിരായ കോൺഗ്രസ് സർക്കാറിന്റെ  സമീപനം ദൗർഭാഗ്യകരമാണെന്നും ബിജെപി ശക്തമായി അപലപിക്കുന്നുവെന്നും വിജയേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios