പഹൽഗാം ഭീകരാക്രമണത്തിൽ ഇൻ്റലിജൻസ് വീഴ്‌ചയുണ്ടായെന്ന് വിമർശിച്ച് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള

പഹൽഗാം ഭീകരാക്രമണത്തിൽ ഇൻറലിജൻസ് വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. കശ്മീരികൾ മികച്ച രീതിയിൽ ജീവിക്കുന്നത് പാകിസ്ഥാന് ഇഷ്ടമല്ലെന്നും ഈ ആക്രമണം ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് എത്രത്തോളം തിരിച്ചടിയാകുമെന്ന് അവർ പരിഗണിച്ചില്ലെന്നും ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു. ശ്രീനഗറിൽ മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാന് തിരിച്ചടി നൽകുന്നതിൽ ചര്‍ച്ചകള്‍ തുടരുകയാണ് ഇന്ത്യ. സേന തയ്യാറാക്കുന്ന പദ്ധതിക്ക് ആവശ്യമായ പശ്ചാത്തലം ഒരുക്കാന്‍ ദേശീയ സുരക്ഷ സമിതി യോഗം ഇന്ന് ചേരും. ഇതിനിടെ പാകിസ്ഥാന്‍റെ കൂടുതല്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇന്ത്യ മരവിപ്പിച്ചു. ഒരാഴ്ച പിന്നിട്ടിട്ടും ഭീകരരെ പിടിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു. അറബിക്കടലിൽ അഭ്യാസം തുടരുന്നുവെന്ന് നാവികസേന വ്യക്തമാക്കി. കപ്പൽ വേധ, വിമാന വേധ മിസൈലുകൾ പരീക്ഷിച്ചായിരുന്നു അഭ്യാസം. മേഖലയിൽ ജാഗ്രത തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡ് കപ്പലുകളും അഭ്യാസത്തിൽ പങ്കെടുത്തു. അസാധാരണ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും നാവിക സേന അറിയിച്ചു.