Asianet News MalayalamAsianet News Malayalam

മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണം മറന്ന് വച്ച് പിതാവ്; തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍

സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ഓട്ടോയുടെ നമ്പര്‍ കണ്ടെത്തി പരാതി രജിസ്റ്റര്‍ ചെയ്യാനായി പൊലീസ് സ്റ്റേഷനിലെത്തിയ പോളിനെ കാണാനായത് സ്വര്‍ണവുമായി പൊലീസുകാരെ വിവരം അറിയിക്കുന്ന ഓട്ടോ ഡ്രൈവറെയാണ്

father forgets gold in auto driver returns in chennai
Author
Chromepet, First Published Jan 30, 2021, 10:02 AM IST

ചെന്നൈ: ഓട്ടോറിക്ഷയില്‍ മറന്നുവച്ച 20ലക്ഷം രൂപയുടെ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍. തമിഴ്നാട് ചെന്നൈയിലെ ക്രോംപേട്ട് നിവാസിയാണ് അന്‍പത് പവനോളം സ്വര്‍ണം ഉടമയ്ക്ക് തിരികെ നല്‍കിയത്. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമാണ് പോള്‍ ബ്രൈറ്റ് എന്ന ബിസിനസുകാരന്‍ ഓട്ടോയില്‍ മറന്നുവച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ശരവണകുമാര്‍ എന്ന യുവാവാണ് മാതൃകയായത്. 

ക്രോംപേട്ടിലെ ഹാളില്‍ വച്ച് വിവാഹം നടന്ന ശേഷം പോള്‍ ബ്രൈറ്റ് ഫോണില്‍ തിരക്കിട്ട് സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയിലുടനീളം ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന് അടുത്തെത്തിയപ്പോള്‍ ഓട്ടോച്ചാര്‍ജ് വാങ്ങി ശരവണകുമാര്‍ മടങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് വാഹനത്തില്‍ ബാഗ് മറന്ന് വച്ചത് ശരവണകുമാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം ശരവണകുമാര്‍ ശ്രദ്ധിക്കുന്നത്. 

പോളുമായി ബന്ധപ്പെടാനുള്ള നമ്പര്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണ കിട്ടിയ വിവരം അറിയിക്കാനും കഴിഞ്ഞില്ല. അതേസമയം മകളെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് അയക്കാനായി ഒരുങ്ങുമ്പോഴാണ് സ്വര്‍ണ അടങ്ങിയ ബാഗ് കാണാനില്ലെന്ന് പോള്‍ ശ്രദിധിക്കുന്നത്. എന്നാല്‍ തിരക്കിനിടയില്‍ ഓട്ടോയുടെ നമ്പറ്‍ ശ്രദ്ധിക്കാന്‍ പോളും മറന്നിരുന്നു. പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ഓട്ടോയുടെ നമ്പര്‍ കണ്ടെത്തി പരാതി രജിസ്റ്റര്‍ ചെയ്യാനായി പൊലീസ് സ്റ്റേഷനിലെത്തിയ പോളിനെ കാണാനായത് സ്വര്‍ണവുമായി പൊലീസുകാരെ വിവരം അറിയിക്കുന്ന ഓട്ടോ ഡ്രൈവറെയാണ്. എന്നാല്‍ തന്‍റെ വാഹനത്തില്‍ നിന്ന് ഇത്രയധികം സ്വര്‍ണ നഷ്ടമായാല്‍ തനിക്കുണ്ടാവുന്ന മോശം പ്രതിച്ഛായയേക്കാള്‍ വലുതൊന്നുമല്ല താന്‍ ചെയ്തതെന്നാണ് ശരവണകുമാറിന്‍റെ പ്രതികരണം. 

ഇതുവരെ ജോലിയെടുത്ത് ജീവിച്ച തനിക്ക് നേരെ ഇത്തരമൊരു ആരോപണം വരുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അതിനാലാണ് രാത്രി ഓട്ടം പോലും വേണ്ടെന്ന് വച്ച് പൊലീസിലെത്തിയതെന്നും ശരവണകുമാര്‍ പറയുന്നു. ശരവണകുമാറിന്‍റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു. 

Follow Us:
Download App:
  • android
  • ios