Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയിലെ മദ്യപൻ്റെ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാൻ

എയർ ഇന്ത്യയുടെ എ.ഐ 102 വിമാനത്തിൽ നവംബർ 26-നുണ്ടായ സംഭവം വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ എയർഇന്ത്യയിൽ നിന്നുണ്ടാവേണ്ടതായിരുന്നു.

Fell Short, Matter Of Personal Anguish": Tata Boss on Air India Pee-Gate
Author
First Published Jan 8, 2023, 3:53 PM IST

ദില്ലി: എയർഇന്ത്യ വിമാനത്തിൽ മദ്യപിച്ചയാൾ വൃദ്ധയ്ക്ക് നേരെ നടത്തിയ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി ഉടമകളായ ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ടാറ്റാ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. സംഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായില്ലെന്നും ചന്ദ്രശേഖരൻ സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി പ്രസ്താവനയിലൂടെ അറിയിച്ചു.

എൻ.ചന്ദ്രശേഖരൻ്റെ പ്രസ്താവന - 

എയർ ഇന്ത്യയുടെ എ.ഐ 102 വിമാനത്തിൽ നവംബർ 26-നുണ്ടായ സംഭവം വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ എയർഇന്ത്യയിൽ നിന്നുണ്ടാവേണ്ടതായിരുന്നു. വിമാനത്തിലുണ്ടായ വിഷയം അതർഹിക്കുന്ന ഗൗരവത്തിൽ അല്ല കൈകാര്യം ചെയ്യപ്പെട്ടത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും ടാറ്റാ ഗ്രൂപ്പ് ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട എല്ലാ നടപടികളും ഉണ്ടാവും.

അതേസമയം എയർ ഇന്ത്യ വിമാനത്തിലെ അതിക്രമത്തിൽ ദില്ലി പൊലീസ് പരാതിക്കാരിയുടെ മൊഴി എടുക്കാൻ നടപടികൾ തുടങ്ങി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ നേരിട്ട് പരാതിക്കാരിയെ കാണും. ആരോഗ്യ പ്രശ്നങ്ങൾ കാരണം പരാതിക്കാരിയായ മുതിർന്ന പൗരയെ അന്വേഷണ സംഘത്തിന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം പൈലറ്റ് അടക്കം കഴിഞ്ഞ ദിവസം മൊഴി എടുക്കാൻ കഴിയാത്ത വിമാന ജീവനക്കാരോട് ഇന്ന് ഹാജരാകാൻ നിർദ്ദേശമുണ്ട്. സമൂഹത്തിൻ്റെ സമ്മർദ്ദത്തിൽ തീരുമാനമെടുക്കാനാകില്ലെനും നിയമത്തിൻ്റെ വഴിയേ മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന നിരീക്ഷണത്തോടെയാണ് ദില്ലി കോടതി പ്രതി ശങ്കർ മിശ്രയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളിയാണ് കോടതി നടപടി. 

2022 നവംബർ 26-ന് ന്യൂയോർക്കിൽ നിന്നും ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസ് യാത്രക്കാരിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വൃദ്ധയായ ഈ യാത്രക്കാരിക്ക് മേൽ അടുത്ത സീറ്റിലുണ്ടായിരുന്ന വ്യക്തി മദ്യപിച്ച് ലക്കുകെട്ട് മൂത്രമൊഴിക്കുകയായിരുന്നു. ഏറെ നേരം ഇയാൾ ഈ സ്ത്രീക്ക് മുന്നിൽ തൻ്റെ ലൈംഗീകാവയവം പ്രദർശിപ്പിച്ചു നിന്നു. അതിക്രമത്തെ തുടർന്ന് യാത്രക്കാരി വിമാനത്തിലെ ജീവനക്കാരോട് വൃദ്ധ സഹായം തേടിയെങ്കിലും അവർ നടപടി എടുത്തില്ലെന്നും മൂത്രം തട്ടി നനഞ്ഞ പുതപ്പ് മാറ്റി നൽകാൻ പോലും തയ്യാറായില്ലെന്നും പിന്നീട് ഒപ്പം യാത്ര ചെയ്തവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദിവസങ്ങൾക്ക് ശേഷം യാത്രക്കാരിയുടെ മകൾ ടാറ്റാ സൺസ് ചെയർമാന് നേരിട്ട് ഇ മെയിൽ ആയി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 
 

Follow Us:
Download App:
  • android
  • ios