ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാര്‍ത്ഥിനിക്കുനേരെ നടന്നത് ക്രൂര ബലാത്സംഗം. പെണ്‍കുട്ടി കരഞ്ഞുപറഞ്ഞിട്ടും അക്രമി പിന്‍മാറിയില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍

ചെന്നൈ:ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍. നടുക്കുന്ന ദാരുണമായ സംഭവമാണ് നടന്നതെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അണ്ണാ സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചു. ക്യാമ്പസിൽ സുരക്ഷാ ജീവനക്കാരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും അനിഷ്ട സംഭവം ഉണ്ടായി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ സുരക്ഷ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ക്യാമ്പസിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അണ്ണാ സർവകലാശാല ക്യാമ്പസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്.രണ്ടാം വർഷ മെക്കാനിക്കൽ എന്‍ജിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി.

പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല. പീഡനവിവരം കോളേജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു. 

ഭാരതീയ ന്യായസംഹിതയുടെ 63,64,75 വകുപ്പുകൾ ചുമത്തിയണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത്, ക്യാമ്പസിലെ സുരക്ഷാ ജീവനക്കാർ തുടങ്ങി 20ലേറെ പേരുടെ മൊഴി എടുത്തെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ഡിഎംകെ സർക്കാരിന് കീഴിൽ ക്രമസമാധാന നില തകർന്നതിന്‍റെ തെളിവാണ് സംഭവം എന്ന് എഐഎഡിഎംകെയുംബിജെപിയും ആരോപിച്ചു. ക്യാമ്പാസിൽ എസ്എഫ്ഐ അടക്കമുള്ളവിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി.

കൊല്ലത്ത് പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; കമ്പി വടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

കൊഴിഞ്ഞാംപാറയിൽ വിമത നേതാക്കള്‍ക്കൊപ്പം ചേർന്നവര്‍ക്കെതിരെ നടപടി; ഡിവൈഎഫ്ഐ മുൻ ഭാരവാഹികളെ പുറത്താക്കി

YouTube video player