പൂനെ: മഹാരാഷ്ട്രയില്‍ കൊവി‍ഡ് മരണസംഖ്യ വര്‍ധിക്കുന്നു. മൂന്ന് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 55 ആയി ഉയര്‍ന്നു. പൂനെയിലാണ് ഏറ്റവുമൊടുവില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പുനെയില്‍ കൊവിഡ് മരണം എട്ടായി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് 23പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗികളുടെ എണ്ണം 891 ആയി.

ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നതിനോടൊപ്പം ധാരാവിയിലും രോഗ വ്യാപനത്തെ പിടിച്ച് നിർത്താനാവുന്നില്ല എന്നതും കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ട്. ധാരാവിയിൽ അച്ഛനും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ അച്ഛനും സഹോദരനുമാണ് പുതിയ രോഗികൾ. ഇവരുടെ തൊട്ടടുത്ത കെട്ടിടത്തിലുള്ള 56 കാരനാണ് പ്രദേശത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പിന്നീട് മരിച്ചു. ഇദ്ദേഹവും ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരും ധാരാവിയിലെ പള്ളിയിൽ ഒരുമിച്ച് പ്രാർഥന നടത്തിയിരുന്നു.

ഇതേ പള്ളിയിൽ നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരും എത്തിയിരുന്നു. ഇവരിൽ നിന്നാവാം എല്ലാവർക്കും രോഗം വന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവരുടെ കാര്യത്തിൽ ഇങ്ങനെ ചില സാധ്യതകളുണ്ടെങ്കിലും ധാരാവിയിലെ മറ്റ് രോഗികൾക്ക് എങ്ങനെ രോഗം വന്നെന്ന ചോദ്യത്തിന് ഉത്തരമില്ല. ചേരിപ്രദേശത്ത് ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ ഡ്രോൺ പറത്തുകയാണ് മുംബൈ പൊലിസ്. 

നേരത്തെ മുംബൈ നല്ലസോപാരയിൽ 9 മാസം ഗർണിയായ സ്ത്രീ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് കണ്ടെത്തി. കുഞ്ഞിനെയും രക്ഷിക്കാനായില്ല. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടായ മാതോശ്രീക്ക് സമീപം ചായക്കടക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ചായക്കടയിൽ പോയ ഉദ്ദവ് താക്കറെയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ക്വാറന്‍റൈന്‍ ചെയ്തു.