ദില്ലി: യുപിഎ സര്‍ക്കാറിന്‍റെ കാലത്തെ പിടിപ്പുകേടാണ് ജനം ഇപ്പോഴും അനുഭവിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി. ബജറ്റ് ചര്‍ച്ചയിലാണ് രാജീവ് ചന്ദ്രശേഖര്‍ മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കിയത്. പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണ്. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രം തെരഞ്ഞെടുത്താണ് വിമര്‍ശനം. ധനകാര്യം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യേക കഴിവുണ്ടെന്നാണ് മുന്‍ ധനമന്ത്രി പി ചിദംബരം പറഞ്ഞത്. യുപിഎ സര്‍ക്കാറിന്‍റെ കാലത്തെ പിടിപ്പുകേടാണ് ഈ രാജ്യത്തെ ജനം ഇപ്പോഴും അനുഭവിക്കുന്നത്.

യുപിഎ കാലത്തെ സാമ്പത്തിക മാനേജ്മെന്‍റ് എല്ലാ രംഗത്തും പൂര്‍ണപരാജയമായിരുന്നു. ദേശീയ സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു. നികുതി പിരിവില്‍ വീഴ്ച വരുത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തു. അഴിമതിയിലൂടെ ഖജനാവിന് കോടികള്‍ നഷ്ടമായി. പൊതുമേഖലാ ബാങ്കുകളെ കരകയറ്റാനായി ഏകദേശം അഞ്ചര ലക്ഷം കോടിയാണ് സര്‍ക്കാറിന് നല്‍കേണ്ടി വന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍റെ 'പ്രവര്‍ത്തന മികവ്' ഇതൊക്കെയായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖരന്‍ എംപി പറഞ്ഞു. 

എല്ലാ വിഭാഗങ്ങളുടെയും വികസനം ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചത്. ഭരണത്തിലും ഐക്യത്തിലും ജനോപകാര പദ്ധതികളിലും ചോദ്യം ചെയ്യാനാകാത്ത മികച്ച പ്രകടനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റ്. 2014ന് മുമ്പ് തകര്‍ന്ന സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്തുന്നതാണ് ബജറ്റ്. പുനര്‍നിര്‍മാണത്തിനും ശുചീകരണത്തിനും ശേഷം വിശാലമായ വികസനം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.