ഗുരുഗ്രാമിൽ 17-കാരനായ വിദ്യാർത്ഥി നിരോധിത വിഷവസ്തു കഴിച്ച് മരിച്ച സംഭവത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്കെതിരെ പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, സൾഫാസ് എന്ന മാരക വിഷം കുട്ടി മീഷോ വഴി ഓൺലൈനായി ഓർഡർ ചെയ്തതാണെന്ന് കണ്ടെത്തിയത്
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ് വിദ്യാർത്ഥിയായ യുവിയെന്ന 17-കാരൻ മരിച്ച സംഭവത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്കെതിരെ കേസ്. സൂറത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്ന വിൽപനക്കാരനെതിരെയും ഗുരുഗ്രാം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 28-നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ യുവി എന്ന വിദ്യാർത്ഥി സൾഫാസ് എന്ന മാരക വിഷവീര്യമുള്ള കെമിക്കൽ കഴിച്ച് മരണപ്പെടുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച അമ്മ അനുരാധ മെഹ്ര, ഓഗസ്റ്റിൽ മകന്റെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ വിഷവസ്തു ഓൺലൈൻ ഷോപ്പിംഗ് ആപ്പായ മീഷോ വഴി സൂറത്തിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഓർഡർ ചെയ്ത് വരുത്തിയതെന്ന് കണ്ടെത്തിയത്.
അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാമിലെ ബാദ്ഷാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കർഷകർക്കും മറ്റും കൃഷി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ളതും കർശന നിയന്ത്രണങ്ങളുള്ളതുമായ മാരകമായ വിഷവസ്തുക്കൾ യാതൊരു പരിശോധനയുമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ വഴി ലഭ്യമാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സൂറത്തിലുള്ള വിൽപനക്കാരന്റെ പേരിലാണ് വിഷവസ്തു ഓർഡർ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ ഓർഡർ വിശദാംശങ്ങളും ഡിജിറ്റൽ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും നിയമവിരുദ്ധമായി ഇത്തരത്തിലുള്ള മാരക വസ്തുക്കൾ വിൽക്കാൻ സൗകര്യമൊരുക്കിയ പ്ലാറ്റ്‌ഫോമിനും വിൽപനക്കാരനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


