വീഡിയോ വൈറലായതോടെ ​സാമൂഹികപ്രവർത്തകനായ ധർമേഷ് ​ഗാമിയാണ് സൂറത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സൂറത്ത്: രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റ​ഗ്രാം റീൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ​ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്ററായ സൂറത്ത് സ്വദേശി സിമ്രാൻ പട്ടേലി(47)നെയാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

​ഗാന്ധിജയന്തി ദിനത്തിന് തലേദിവസമാണ് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്നരീതിയിൽ സിമ്രാൻ പട്ടേൽ റീൽ പങ്കുവെച്ചത്. 500 രൂപ നോട്ട് ഉപയോ​ഗിച്ച് അശ്ലീലപരാമർശങ്ങളടങ്ങിയതായിരുന്നു വീഡിയോ. വീഡിയോ വൈറലായതോടെ ​സാമൂഹികപ്രവർത്തകനായ ധർമേഷ് ​ഗാമിയാണ് സൂറത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐടി ആക്ടിലെ 67-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവതിയുടെ അറസ്റ്റ് വിവരം ഔദ്യോ​ഗിക അക്കൗണ്ടിലൂടെ സൂറത്ത് പൊലീസും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ആദ്യം യുവതിയുടെ റീലിന്റെ ഭാ​ഗങ്ങളും പിന്നീട് യുവതിയെ അറസ്റ്റ് ചെയ്തതിന്റെ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ച വീഡിയോയിലുള്ളത്. ​രാഷ്ട്രപിതാവിനെ അധിക്ഷേപിച്ചതിന് യുവതി മാപ്പ് പറയുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കണ്ടന്റ് ക്രിയേറ്ററായ സിമ്രാൻ പട്ടേൽ 17 വർഷം മുൻപ് വിവാഹിതയായശേഷമാണ് സൂറത്തിൽ താമസം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ റീൽ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നത് പതിവാണെന്നും 12-ാംക്ലാസ് വരെയാണ് യുവതി പഠിച്ചിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.