ദില്ലി: കഴിഞ്ഞ വാരം പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ നടന്ന റാലിക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ഇവര്‍ക്കെതിരെ പൊലീസ് പ്രഥമിക വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതായി വാര്‍ത്ത എജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ നടപടിയിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാനാണ് സെപ്തംബര്‍ 13ന് ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ റാലി നടത്തിയത്. ഇവിടെയാണ് 11 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ഇമ്രാനെതിരെ മുദ്രവാക്യം വിളിച്ചത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചില്ലെന്നും. ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായുമാണ് പൊലീസ് പറയുന്നത്. 

അതേ സമയം യുവാക്കള്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കാന്‍ ഒരുക്കമല്ലെന്നാണ് ഇത് തെളിയിക്കുന്നത് എന്ന് ഇന്ത്യ പ്രതികരിച്ചു. പാകിസ്ഥാന്‍ പ്രധാമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന് യോജിക്കുന്നതല്ല. അദ്ദേഹത്തിന് സമനില തെറ്റിയെന്ന് സംശയിക്കുന്നു എന്നും കേന്ദ്രമന്ത്രി ആര്‍കെ സിംഗ്  എഎന്‍ഐയോട് പ്രതികരിച്ചു.