കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിക്കിടെ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354എ, 509, 506 എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ദിലിപ് ഘോഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ന്യായീകരിച്ച ദിലിപ് ഘോഷ്, അവർ ആ സ്ത്രീയെ കൂടുതലൊന്നും ചെയ്യാത്തതിന് അവൾ നന്ദി പറയണം എന്നായിരുന്നു പറഞ്ഞത്. തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണെന്നും ദിലിപ് ഘോഷ് അവകാശപ്പെട്ടിരുന്നു.

പട്ടൂലി മുതല്‍ ബാഗാ ജതിന്‍ വരെയാണ് ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി അനുകൂല റാലി നടന്നത്. ഈ റാലിക്കി‍ടെയാണ് ജാമിഅ വെടിവയ്പിനെയും പൗരത്വ നിയമത്തെയും അപലപിച്ച് ഒരു സ്ത്രീ പോസ്റ്ററുമായി പ്രതിഷേധിച്ചത്. ഇവരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും പോസ്റ്റർ‌ തട്ടിപ്പറിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. പാർട്ടി പ്രവർത്തകർക്കിടയില്‍ അകപ്പെട്ടുപോയ ഇവരെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദിലിപ് ഘോഷിന്റെ വിവാദ പരാമർശം. 

ഞങ്ങളുടെ പ്രവർത്തകർ തെറ്റൊന്നും ചെയ്തിട്ടില്ല. ആ സ്ത്രീ അവരോട് നന്ദി പറയണം. അവരെ തടഞ്ഞുവയ്ക്കുക മാത്രം ചെയ്തതിനും മറ്റൊന്നും ചെയ്യാത്തതിനും. എന്തിനാണ് അവര്‍ എപ്പോഴും പ്രതിഷേധിക്കാന്‍ ഞങ്ങളുടെ റാലിയിലേക്ക് കടന്നുകയറുന്നത്? അവര്‍ക്ക് മറ്റ് പരിപാടികള്‍ക്ക് പോയിക്കൂടെ. ഞങ്ങള്‍ ക്ഷമിച്ചു മടുത്തു. ഇനി ഇത്തരം ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ” - ദിലീപ് ഘോഷ് പറഞ്ഞു. ദിലിപ് ഘോഷിന്റെ വിവാദ പ്രസ്താവന വന്നതോടെ ഇതിനെതിരെ പ്രതിപക്ഷം അടക്കം വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.