Asianet News MalayalamAsianet News Malayalam

'ബിജെപി സ്ഥാനാർത്ഥി രാവണൻ, കോൺഗ്രസ് സ്ഥാനാർത്ഥി രാമൻ'; മോർഫ് ചെയ്ത് വീഡിയോ, കേസെടുത്ത് പൊലീസ്

ഇൻഡോർ-1 മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവുമായ സഞ്ജയ് ശുക്ലയ്‌ക്കെതിരെ കൈലാഷ് വിജയവർഗിയെ ആണ് രാവണനായി ചിത്രീകരിച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

FIR registered in Indore over morphed video projecting  BJP Leader Kailash Vijayvargiya as Ravan  vkv
Author
First Published Oct 27, 2023, 7:41 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് അടുക്കവേ പുതിയ വിവാദം. ബിജെപി സ്ഥാനാർത്ഥിയെ രാവണനായി ചിത്രീകരിച്ച് വീഡിയോ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത് പൊലീസ്. ഇൻഡോർ-1 മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൈലാഷ് വിജയവർഗിയയെ രാവണനായും കോൺഗ്രസ് സ്ഥാനാർത്ഥിയെ ശ്രീരാമനായും ചിത്രീകരിച്ച് മോർഫ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോക്കെതിരെ ബിജെപി നൽകിയ പരാതിയിലാണ്  ഇൻഡോർ പൊലീസ് വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്.  ഇൻഡോർ-1 മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും കോൺഗ്രസ് നേതാവുമായ സഞ്ജയ് ശുക്ലയ്‌ക്കെതിരെ കൈലാഷ് വിജയവർഗിയെ ആണ് രാവണനായി ചിത്രീകരിച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദസറ ദിനത്തിൽ ആണ് മോർഫ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്. ഒരു ഹിന്ദി സീരിയലിലെ രാമ-രാവണ യുദ്ധത്തിലെ ഒരു ഭാഗം എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ബിജെപി സ്ഥാനാർത്ഥിയെ അവഹേളിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ബിജെപി ഐടി സെൽ പ്രവർത്തകരായ ആശിഷ് ദ്വിവേദിയും ഹർഷൽ സിംഗ് രഘുവംഷിയും നൽകിയ പരാതിയിൽ ആരോപിക്കുന്നു. ബിജെപി ഐടി സെൽ നൽകിയ പരാതിയിൽ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും വീഡിയോ പ്രചരിപ്പിച്ചവരെയടക്കം ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത നമ്പർ കണ്ടെത്തിയിട്ടുണ്ട്. നമ്പർ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More : സോളാര്‍ കേസ്; ഗണേഷ് കുമാർ ഗൂഡാലോചനയിലെ കേന്ദ്ര ബിന്ദു, കേരളം കാതോർത്ത വിധിയെന്ന് കെ. സുധാകരൻ
 

Follow Us:
Download App:
  • android
  • ios