കെട്ടിടത്തിന് അകത്ത് ഡാൻസ് ബാർ സജ്ജമാക്കാനായി അനധികൃതമായും അനുമതി നേടാതെയും നിരവധി നിർമ്മാണങ്ങൾ നടത്തിയത് രക്ഷാ പ്രവർത്തനം വൈകാൻ കാരണമായിരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരക്കേറിയ മേഖലയിലെ പ്രമുഖ ഹോട്ടലിലുണ്ടായ അഗ്നിബാധയിൽ 14 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹോട്ടൽ ഉടമയ്ക്കും മാനേജർക്കുമെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്. ചൊവ്വാഴ്ച രാത്രിയാണ് കൊൽക്കത്തയിലെ ബാരാബസാർ മേഖലയിലെ റിതുരാജ് ഹോട്ടലിൽ തീ പിടുത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ സംഭവത്തിൽ ഹോട്ടൽ ഉടമ ആകാശ് ചൌള, മാനേജർ ഗൌരവ് കപൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ 29നാണ് ഹോട്ടലിന്റെ ഒന്നാം നിലയിൽ തീ പിടുത്തമുണ്ടായത്. ഇതിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടാണ് ഏറെപ്പേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കനത്ത ചൂട് ഏറ്റതിനേ തുടർന്നുണ്ടായ പൊള്ളലും മിക്കവർക്കും അനുഭവപ്പെട്ടിരുന്നു. കെട്ടിടത്തിന് അകത്ത് ഡാൻസ് ബാർ സജ്ജമാക്കാനായി അനധികൃതമായും അനുമതി നേടാതെയും നിരവധി നിർമ്മാണങ്ങൾ നടത്തിയത് രക്ഷാ പ്രവർത്തനം വൈകാൻ കാരണമായിരുന്നു. ഇത്തരം അനധികൃത നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ തീ വളരെ വേഗത്തിൽ പടരാനും കാരണമായിരുന്നു. ഇവ കത്തിയ സമയത്ത് കാർബൺ പുക നിറഞ്ഞതും ആളുകൾക്ക് കെട്ടിടത്തിൽ നിന്ന് പുറത്ത് കടക്കാൻ തടസമായിരുന്നു.
ഒന്നാം നിലയിൽ തട്ടിക്കൂട്ടിയ ഡാൻസ് ബാറിന്റെ നിർമ്മാണ വസ്തുക്കൾ കൂടി കിടന്നതിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിൽ അഗ്നി രക്ഷാ നിർദ്ദേശമനുസരിച്ചുള്ള എമർജൻസി വാതിലുകളും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഹോട്ടൽ അപകടത്തിൽപ്പെട്ടവർക്ക് ഗ്യാസ് ചേംബർ പോലെയായത്. മനപൂർവ്വം മുറിവേൽപ്പിക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചുള്ള നിർമ്മാണം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.


