വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്

ദില്ലി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്. 

ഉടനെ തന്നെ വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തീ ഉടനെ കെടുത്തിയതിനാൽ അപകടമൊഴിവായി. ഇന്നലെ രാത്രി 10.45നാണ് ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെട്ടത്. ലഖ്‍നൗവിലെ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആറരയക്ക് ലാന്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 250 ഹജ്ജ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.