സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
മുംബൈ: മഹാരാഷ്ട്ര അമരാവതിയിലെ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. പുക ശ്വസിച്ചു ഗുരുതരാവസ്ഥയിലായ 6 കുഞ്ഞുങ്ങളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നരയോടെയാണ് വെന്റിലേറ്ററിൽ പൊട്ടിത്തെറി ഉണ്ടായത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐസിയുവിൽ ഇതേസമയം 39 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ടായിരുന്നു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

